ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി കളിക്കുന്ന ആദ്യ രണ്ടു ടീമുകളെ ഇന്നറിയാം. ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ഇംഗ്ലീഷ് ക്ലബ് ആസ്‌റ്റൺ വില്ലയെയും നേരിടും. റയൽ മഡ്രിഡ് – ആഴ്സനൽ, ഇൻറർ മിലാൻ -ബയേൺ മ്യൂണിക്ക് മത്സരങ്ങൾ നാളെയാണ്. സ്വന്തംതട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ബാഴ്‌സ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഡോർട്ട്‌മുണ്ടിനെ തോൽപ്പിച്ചത്. ഗംഭീര ഫോമിൽ പന്തുതട്ടുന്ന കറ്റാലൻസിനെ മറികടന്ന് ഡോർട്ട്മുണ്ടിന് സെമിയിലെത്തണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. മൈതാനത്ത് എണ്ണയിട്ട യന്ത്രം കണക്കെ വിഹരിക്കുന്ന, വിൻറേജ് ബാഴ്സയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഹാൻസി ഫ്ലിക്കിൻറെ സംഘം ഇപ്പോൾ ഫുട്ബാൾ കളിക്കുന്നത്.
ബൊറൂസിയയുടെ തട്ടകത്തിലാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടന്ന ഒന്നാംപാദ ക്വാർട്ടറിൽ പി.എസ്.ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ തകർത്തത്. അർധ രാത്രി 12.30നാണ് ഇരു മത്സരങ്ങളും. ബുധനാഴ്ച ആഴ്‌സനലിനെ നേരിടുന്ന റയലിന് സെമിയിലെത്തണമെങ്കിൽ 4-0ത്തിന് ജയിക്കണം. ആദ്യപാദത്തിൽ ആഴ്സനൽ നിലവിലെ ചാമ്പ്യൻമാരെ മൂന്ന്‌ഗോളിനാണ് കീഴടക്കിയത്. തിരിച്ചുവരവിൻറെ രാജാക്കന്മാരായ റയൽ സ്വന്തം തട്ടകത്തിൽ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ മത്സരം നടക്കുന്നുവെന്നതാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. രണ്ടാം മത്സരത്തിൽ ഇന്റർ മിലാൻ ബയേൺ മ്യൂണിക്കിനെ നേരിടും. ഇന്റർ ആദ്യപാദം 2 – 1ന് ജയിച്ചിരുന്നു.