കൊച്ചി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വിമർശനവുമായി ഹൈക്കോടതി. വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപരമായി അധികാരമില്ലെന്ന് പറയാൻ കേന്ദ്രത്തിന് സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിങ്ങൾ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, പി എം മനോജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം പറഞ്ഞു. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്ര സർക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നായിരുന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞത്. ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാം. വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാനാകും. ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ അശക്തരെന്ന് പറയേണ്ടിവരും. വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് മൂന്നാഴ്ച കൂടി സമയം നൽകി.
ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാത്തതിൽ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി നേരത്തേയും രംഗത്തെത്തിയിരുന്നു. വായ്പ എഴുതിത്തള്ളാൻ തീരുമാനമെടുക്കണമെന്ന് നിർദേശം നൽകികൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവും ഇറക്കിയിരുന്നു. കേന്ദ്ര സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് തുടർനടപടിയുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.