ദമ്മാം: സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ സ്വദേശി വനിതയുടെയും യമൻ പൗരന്റെയും വധശിക്ഷ നടപ്പാക്കി. സ്വദേശി വനിത മർയം അൽമിസ്ഹബ്, കൂട്ടാളി യമൻ പൗരൻ മൻസൂർ ഖാഇദ് അബ്ദുല്ല എന്നിവരുടെ ശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. മുപ്പത് വർഷം മുമ്പാണ് കേസിനസ്പദമായ സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ മൂന്ന് കൂട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുകയായിരുന്നു പ്രതികൾ. എന്നാൽ മക്കൾ തിരിച്ചറിയൽ രേഖകൾക്കായി അധികൃതരെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ദമ്മാമിലെ വ്യത്യസ്ത ആശുപത്രികളിൽ നിന്നാണ് മൂന്ന് നവജാത ശിശുക്കളെ തട്ടിയെടുത്തത്.
1994ലും 96ലും 99ലുമായാണ് കുട്ടികളെ തട്ടിയെടുത്തത്. ഇവരെ പ്രതികൾ ആഭിചാരത്തിന് ഉപയോഗിച്ചതായും പിന്നീട് തെളിഞ്ഞു. അഞ്ച് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്കും ബന്ധുക്കൾക്കും മാനസികവും ധാർമികവും ഭൗതികവുമായ നാശനഷ്ടങ്ങളുണ്ടാക്കൽ, യഥാർഥ പിതാക്കൾക്കു പകരം മറ്റുള്ളവരുടെ പേരിൽ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കാൻ ശ്രമിക്കൽ, കള്ള മൊഴികൾ നൽകി മറ്റുള്ളവരുമായി ഒത്തുകളിക്കൽ, കുട്ടികൾക്ക് വിദ്യാഭ്യാസവും തിരിച്ചറിയൽ രേഖകളും നിഷേധിക്കൽ, ആഭിചാരം നടത്തൽ, വ്യാജ വിവരങ്ങൾ നൽകി അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കൽ, അവിഹിതബന്ധം തുടങ്ങിയ വകുപ്പുകളിൽ വധശിക്ഷ ആവശ്യപ്പെട്ട് പ്രൊസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. കേസിൽ കീഴ് കോടതിയും പിന്നീട് അപ്പീൽ കോടതികളും പ്രതികൾക്ക് വധശിക്ഷ തന്നെ വിധിക്കുകയായിരുന്നു.