പത്തനംതിട്ട : മനുഷ്യ–-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുവേണ്ടി വനംവകുപ്പ് വിഭാവനം ചെയ്‌ത ‘വിത്തൂട്ട്’ പദ്ധതിയിലൂടെ ഇതുവരെ വിതറിയത് 1.33 ലക്ഷം വിത്തുണ്ടകൾ. 4.12 ലക്ഷം വിത്തുണ്ടകൾ തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ നിക്ഷേപം തുടരുകയാണ്. ചക്ക, മാങ്ങ തുടങ്ങിയ ഫലവർഗങ്ങൾ ലഭിക്കുന്ന 80 ഓളം വൃക്ഷഇനങ്ങളും എട്ടോളം പുല്ലിനങ്ങളിൽപ്പെട്ട സസ്യങ്ങളുടെയും വിത്തുകളാണ് വനങ്ങളിൽ നിക്ഷേപിക്കുന്നത്. വനത്തിനുള്ളിൽ ഭക്ഷണം, ജലം, ആവാസവ്യവസ്ഥ എന്നിവ ഉറപ്പാക്കി ആന, കരടി, കൃഷി നശിപ്പിക്കുന്ന കുരങ്ങുകൾ, മാൻ, മയിൽ തുടങ്ങിയവ നാട്ടിലേക്കിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ‘ഫുഡ്, ഫോഡർ, വാട്ടർ’ എന്ന പത്തിന പരിപാടിയുടെ ഭാഗമായാണ് വനത്തിലെ വിത്തെറിയൽ. 36 ഡിവിഷനുകളിൽപ്പെടുന്ന ഓരോ ഫയർ ബ്ലോക്കിലെയും(കാട്ടുതീ ബാധിത പ്രദേശം) ഒരു മേഖലയിലാണ് വിത്തെറിയുന്നത്.
തിരുവനന്തപുരം–-5027, കൊല്ലം–-4670, പത്തനംതിട്ട–-6502, കോട്ടയം–-500, ഇടുക്കി–-14165, എറണാകുളം–-2580, തൃശൂർ–-8425, പാലക്കാട്–-21543, മലപ്പുറം–-25805, കോഴിക്കോട്–-2785, വയനാട്–-22165, കണ്ണൂർ–-2120, കാസർകോട്–-17600 എന്നിങ്ങനെയാണ് ഇതുവരെ ഓരോ ജില്ലയിലും എറിഞ്ഞ വിത്തുണ്ടകളുടെ എണ്ണം. വിത്തുകൾ ചാണകം ഉൾപ്പെടെയുള്ള ജൈവവള മിശ്രിതംകൊണ്ട് പൊതിഞ്ഞാണ് വനങ്ങളിൽ നിക്ഷേപിക്കുന്നത്. നിക്ഷേപിച്ച വിത്തുകൾ മുളയ്‌ക്കുന്നുണ്ടോ മരം വളരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വനംവകുപ്പ് നിരീക്ഷിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ, വാച്ചർമാർ, ഇഡിസി, വിഎസ്എസ് അംഗങ്ങൾ, കുടുംബശ്രീ, ഹരിതകർമ സേന, ബിഎംസി അംഗങ്ങൾ, സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, എൻസിസി, സർക്കാരേതര സംഘടനകൾ, വിവിധ ക്ലബ്ബുകൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ തുടങ്ങിയവയുടെ സഹകരണത്തിലാണ് വിത്തുണ്ടകൾ തയാറാക്കിയത്.