കൊച്ചി : 1.5 കോടിയുടെ വായ്പ അനുവദിച്ചതായി വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കടവന്ത്ര സ്വദേശിയായ അരവിന്ദാക്ഷന്‍ നായരുടെ 9.20ലക്ഷം രൂപയാണ് നഷ്ടമായത്. സ്റ്റാമ്പ് ഡ്യൂട്ടി, പ്രോസസിങ് ഫീസ് എന്നിങ്ങനെ പറഞ്ഞ് വിവിധ ഇടപാടുകളിലൂടെയാണ് പണം കവര്‍ന്നത്. കേസില്‍ തമിഴ്‌നാട് സ്വദേശിയായ ഗോകുലിനെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ആലപ്പുഴ സ്വദേശി ശിവകാര്‍ത്തിക്, എറണാകുളം സ്വദേശികളായ അജിത്, വിനോദ് എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു.
സാമ്പത്തിക സ്ഥാപനത്തിന്റെ പേരു പറഞ്ഞാണ് നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. ഏപ്രില്‍ രണ്ടിന് ഫോണിലൂടെയാണ് അരവിന്ദാക്ഷന് 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്. വായ്പ പ്രോസസ് ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങളും മറ്റു രേഖകളും കൈമാറാന്‍ ആവശ്യപ്പെട്ടു. ഇവരുടെ ഓഫര്‍ വിശ്വസനീയമാണ് എന്ന് കരുതി വിവരങ്ങള്‍ കൈമാറി.
കൂടുതല്‍ വിശ്വാസ്യത ആര്‍ജിക്കുന്നതിന് വേണ്ടി വായ്പ അനുവദിച്ചുകൊണ്ട് കമ്പനിയുടെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ കത്ത് വാട്‌സ്ആപ്പ് വഴി അയച്ചു കൊടുത്തു. ഇത് വിശ്വസിച്ച് പണം കൈമാറിയതോടെയാണ് തട്ടിപ്പിന് ഇരയായതെന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറിയിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാന്‍ എന്ന പേരില്‍ വായ്പയായി അനുവദിച്ച തുകയുടെ ആറുശതമാനം തട്ടിപ്പ് സംഘം ചോദിച്ചു.
ഇതിനെ തുടര്‍ന്ന് 10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോയമ്പത്തൂര്‍ ശാഖയിലെ അക്കൗണ്ട് നമ്പറിലേക്ക് കൈമാറി. പണമായി മൂന്ന് ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിന്റെ ചെന്നൈ ശാഖയിലേക്ക് ആറുലക്ഷം രൂപയും കൈമാറിയതായും പരാതിയില്‍ പറയുന്നു. വിവിധ ഇടപാടുകളിലൂടെ 9.20 ലക്ഷം രൂപയാണ് നഷ്ടമായത്. മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് ഗോകുലിനെ പോലീസ് പിടികൂടിയത്.