തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററുകൾ നിന്നു ലഹരി മുക്തി നേടിയത് 1.57 ലക്ഷം പേർ. മദ്യം, മയക്കുമരുന്നുകൾക്ക് അടിപ്പെട്ടവരിൽ 7849 പേർ പ്രായപൂർത്തിയാകാത്തവരാണ്. രേഖകൾ പ്രകാരം ലഹരി വിമുക്ത ചികിത്സ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തി. കണക്കുകൾ ഒരേ സമയം ആശങ്കയും പ്രതീക്ഷയും നൽകുന്നതാണ്. 2018 മുതൽ 2025 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1.46 ലക്ഷം പേർക്ക് ഔട്ട്‌പേഷ്യന്റ് പരിചരണം ലഭിച്ചപ്പോൾ ഏകദേശം 11700 പേരെ അഡ്മിറ്റ് ചെയ്യേണ്ടി വന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
വിമുക്തി കേന്ദ്രങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ചികിത്സ തേടുന്നുണ്ടെങ്കിലും, ആശങ്കാജനകമായ കാര്യം ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് പ്രായപൂർത്തിയാകാത്തവരുടെ ഒഴുക്ക് പതിവാകുന്ന കാഴ്ചയാണെന്നു എക്സൈസ് വൃത്തങ്ങൾ പറയുന്നു.2021ൽ 681 പ്രായപൂർത്തിയാകാത്തവർ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയരായി. 2022ൽ ചികിത്സയ്ക്ക് വിധേയരായ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 1238 ആയി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ 1981, 2880, 1068 (ഏപ്രിൽ 30 വരെ) എന്നിങ്ങനെയാണ് കണക്കുകൾ. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകൾ മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടതായി കാണുന്നത് നിരാശാജനകമാണ്. അവർ ആസക്തിയിൽ നിന്ന് മോചനം നേടാൻ തീരുമാനിച്ചതാണ് പ്രതീക്ഷ നൽകുന്നതെന്നു ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.