നിരവധി ഇന്ത്യക്കാരുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. ഇപ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന രണ്ട് വാർത്തകൾ ഓപ്പോയുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്നു. ഓപ്പോയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണായ ഓപ്പോ റെനോ 10 പ്രോയുടെ(Oppo Reno 10 Pro 5G) വില കുറച്ചു എന്നതാണ് ആദ്യത്തെ സന്തോഷവാർത്ത. ഓപ്പോ റെനോ സീരീസിലെ ഏറ്റവും പുതിയ ഫോണുകൾ അടുത്തുതന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നതാണ് രണ്ടാമത്തെ സന്തോഷവാർത്ത. റെനോ-11 സീരീസ് അധികം വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായിട്ടാണ് റെനോ 10 പ്രോയ്ക്ക് വിലകുറഞ്ഞിരിക്കുന്നത്. ഓപ്പോ റെനോ 10 5ജി, ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജി എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം ഈ വർഷം ജൂലൈയിലാണ് ഓപ്പോ റെനോ 10 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ റെനോ 10 സീരീസിന്റെ പിൻഗാമിയായ റെനോ 11 സീരീസ് കഴിഞ്ഞമാസം (നവംബർ) ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു.ചൈനയിൽ ലോഞ്ച് കഴിഞ്ഞതിനാൽ തന്നെ അധികം വൈകാതെ ഓപ്പോ റെനോ 11 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഓപ്പോ റെനോ 10 സീരീസിലെ പ്രധാന സ്മാർട്ട്ഫോണുകളിൽ ഒന്നായ റെനോ 10 പ്രോയുടെ വില കുറയ്ക്കാൻ കാരണം പുതിയ 11 സീരീസിന്റെ ഇന്ത്യയിലേക്കുള്ള വരവാണ് എന്നാണ് റിപ്പോർട്ട്.
ഓപ്പോ റെനോ 10 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ലോഞ്ച് വില 39,999 രൂപയാണ്. എന്നാൽ ഇപ്പോൾ വിലയിൽ 2000 രൂപ കുറവ് വരുത്തിയിരിക്കുന്നു. ഇതോടെ ഈ ഫോൺ 37,999 രൂപ വിലയിൽ ലഭ്യമാകും. താൽക്കാലികമായല്ല നിരന്തരമായി തന്നെയാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഓപ്പോയുടെ ഓൺലൈൻ സ്റ്റോറിൽ ഹാൻഡ്‌സെറ്റ് ലിസ്റ്റു ചെയ്‌തിരിക്കുന്നത് 37,999 രൂപ എന്ന പുതിയ വിലയിലാണ്. അതേസമയം പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ പഴയ വിലയായ 39,999 രൂപ വിലയിൽ തന്നെയാണ് കാണുന്നത് എന്നുകൂടി അറിഞ്ഞിരിക്കുക. വരും ദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ടിലെ വില പുതുക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുപാട് ഫീച്ചറുകൾ ഉണ്ടെങ്കിലും ഓപ്പോ റെനോ 10 പ്രോയുടെ പ്രധാന സവിശേഷതയായി കമ്പനി എടുത്തുകാണിക്കുന്ന ഫീച്ചറുകളിലൊന്ന് അതിന്റെ മിന്നൽ ചാർജിങ് വേഗതയാണ്. 80W SuperVOOC ഫ്ലാഷ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് ഇതിലുള്ളത്. കൂടാതെ കരുത്തിനായി ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 778G 5G ചിപ്സെറ്റ് ഇതിൽ നൽകിയിരിക്കുന്നു. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ OLED 3D കർവ്ഡ് ഡിസ്‌പ്ലേയാണ് റെനോ 10 പ്രോയിലുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നീ ഫീച്ചറുകളുമുണ്ട്. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് ഫീച്ചർ എന്നിവയും ഇതിലുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്താൽ ക്യാമറ ഡിപ്പാർട്ട്മെന്റും സമ്പന്നമാണ്. ഒഐഎസ് പിന്തുനയുള്ള 50-മെഗാപിക്സൽ പ്രൈമറി സോണി IMX890 സെൻസർ, 32-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 8-മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ എന്നിവ അടങ്ങുന്നതാണ് റെനോ 10 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. ഓട്ടോഫോക്കസ് പിന്തുണയുള്ള ശക്തമായ IMX709 സെൻസറുമായാണ് ഇത് എത്തുന്നത്.