തിരുവനന്തപുരം : സഹകരണ സംഘങ്ങളെയും ബാങ്കുകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക പുനരുജ്ജീവന വായ്‍പാ പദ്ധതി ആവിഷ്‍കരിക്കുമെന്ന പ്രഖ്യാപനവും ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലുണ്ടായി. ഇതിന്റെ പലിശയുടെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് നിര്‍ദേശം. നബാര്‍ഡും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്‍പാ പദ്ധതികളും ഉപയോഗപ്പെടുത്തി മൂന്ന് ഭാഗമായി ഇത് നടപ്പാക്കുമെന്നാണ് ധനകാര്യ മന്ത്രി അറിയിച്ചത്. പലിശ ഇളവ് നല്‍കുന്നതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്.
കാര്‍ഷിക മേഖലയിലെ മൂലധന രൂപീകരണം കൂട്ടാനുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍വായ്‍പ കേരളാ ബാങ്ക് ലഭ്യമാക്കും. ഇത്തരത്തില്‍ 2000 കോടിയുടെ വായ്‍പയാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് ചെയിന്‍ സംവിധാനങ്ങള്‍ എന്നിവയും പൈനാപ്പിള്‍, വാഴപ്പഴം, മാമ്പഴം തുടങ്ങിയവയുടെ സംസ്‍കരണ കേന്ദ്രങ്ങളും നിര്‍മ്മിക്കും. ഒപ്പം പഴം, പച്ചക്കറി മാര്‍ക്കറ്റുകള്‍, മത്സ്യ-മാംസ സംസ്‍കരണ, വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവയും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ സാമ്പത്തിക വര്‍ഷം തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപയുടെ വായ്‍പ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് രണ്ടാമത്തെ പദ്ധതി. കാര്‍ഷിക, സേവന, വ്യാവസായിക മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരൂജ്ജീവിപ്പിക്കുന്നതിനും കുറഞ്ഞ പരിശ നിരക്കിലുള്ള വായ്‍പ ലഭ്യമാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഒപ്പം കുടുംബശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടിയുടെ ബാങ്ക് വായ്‍പയും ലഭ്യമാക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്‍പകള്‍ക്ക് നാല് ശതമാനമായിരിക്കും പലിശ നിരക്ക്.