തൃശ്ശൂര്‍ : 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മറവില്‍ നടന്നത് ആയിരം കോടിയുടെ തിരിമറി. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെയെത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് പ്രധാനം.
കൂടാതെ ബിനാമി ഇടപാടുകളും നിേക്ഷപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുെട വായ്പയും. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാര്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്തു.
ഇത്തരത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ നേരിട്ടും അല്ലാതെയും അഞ്ചുവര്‍ഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ ആദ്യനിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.