തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ഐ എം എ രംഗത്തെത്തി. ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന പ്രസ്താവനയാണ് ഐ എം എയെ ചൊടിപ്പിച്ചത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നുമാണ് ഐ എം എ മന്ത്രിയാേട് ആവശ്യപ്പെട്ടത്.
ഹോമിയോ മരുന്നിന്റെ ഫലപ്രാപ്‍തിയെക്കുറിച്ച് നടത്തിയ പഠനം ചൂണ്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുളളൂ. കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും പറഞ്ഞ മന്ത്രി ഐ സി എം ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉളളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ഐ എം എയുടെ വിമര്‍ശനം.
അതിനിടെ ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്ന അവകാശവാദവുമായി ഹോമിയോ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തി. ഇത് തെളിഞ്ഞിട്ടുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി.