തിരുവല്ല: മാർത്തോമ്മാ സഭയിലെ ആഗോള കലാലയ വിദ്യാർഥികളുടെ കൂടിവരവായ മാർത്തോമ്മാ സ്റ്റുഡൻ്റസ് കോൺഫറൻസിൻ്റെ 113- മത് സെഷൻ ഈ വർഷം തിരുവല്ലയിൽ. വിദ്യാർഥി സമൂഹത്തിനു അവരുടെ കർത്തവ്യങ്ങൾ തിരിച്ചറിയുന്നതിന് അവരെ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരാക്കി ശോഭനമായ ഭാവിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്ന ലക്ഷ്യത്തോടെ 1910- ൽ ഭാഗ്യസ്മരണീയനായ തീത്തോസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നന്ദി കുറിച്ച പ്രസ്ഥാനമാണ് മാർത്തോമ്മാ സ്റ്റുഡൻ്റ്സ് കോൺഫറൻസ്. കോൺഫറൻസിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തൃക്കാക്കരയിൽ ആരംഭിച്ച ട്രൈബൽ ഹോസ്റ്റലും സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2010-ൽ കുട്ടികളുടെ താമസവും പഠനവും സാധ്യമാക്കുന്നതിന് മണക്കാലയിൽ ആരംഭിച്ച മാർത്തോമ്മാ ഗുരുകുലവും കോൺഫറൻസിൻ്റെ സാമൂഹിക ദർശനങ്ങൾ വിളിച്ചോതുന്നു.
അടൂർ ഭദ്രാസനം ആതിഥേയത്വം നൽകുന്ന ഈ വർഷത്തെ സമ്മേളനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെൻ്ററിൽ വെച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 2025 ഏപ്രിൽ 29 മുതൽ മെയ് 2 വരെ നടക്കുന്ന ഈ വർഷത്തെ സമ്മേളനം ഏപ്രിൽ 29 ന് വൈകുന്നേരം 5.00 മണിക്ക് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ‘Aspirations and Inspirations for Life’ (ജീവിതത്തിനായുള്ള അഭിലാഷങ്ങളും പ്രചോദനങ്ങളും) എന്ന വിഷയമാണ് സമ്മേളനം പഠനവിധേയമാക്കുന്നത്.സഭയിലെ അഭിവന്ദ്യ തിരുമേനിമാരും വൈദീകരും ആത്മീക നേതാക്കളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളും മുതിർന്ന സുഹൃത്തുക്കളും നേതൃനിരയിലെത്തുന്നു എന്നത് സമ്മേളനത്തിൻ്റെ പ്രത്യേകതയാണ്.
വിഷയാനുബന്ധ ചർച്ചകളും കരിയർ ഗൈഡൻസും മയക്കുമരുന്നിന് എതിരെയുള്ള ബോധവത്കരണ ക്ലാസുകളും സമ്മേളനത്തിൽ നടത്തപ്പെടും. വിദ്യാർത്ഥികൾക്കായി ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നു. 500 ൽ അധികം വിദ്യാർഥികളും തിരുമേനിമാരും നേതൃത്വനിരയും ഉൾപ്പെടെയുള്ള എഴുന്നൂറോളം ആളുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയും അടൂർ ഭദ്രാസന അദ്ധ്യക്ഷൻ അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ ഉപരക്ഷാധികാരിയും റവ. പോൾ ജേക്കബ് പ്രസിഡൻ്റും പ്രൊഫ. ഷൈജു കെ. ജോൺ സെക്രട്ടറിയും സുരേഷ് തോമസ് ട്രഷറാറും സയന സാം, മാസ്റ്റർ. എ.ആർ റോഹൻ, മാസ്റ്റർ ഏബൽ ജോസ് എന്നിവർ സ്റ്റുഡൻ്റ് സെക്രട്ടറിമാരും മാസ്റ്റർ ഏബൽ തോമസ് നൈനാൻ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും സമ്മേളത്തിന് നേതൃത്വം നൽകും. മെയ് 2 ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് 113-ാമത് മാർത്തോമ്മാ വിദ്യാർത്ഥി സമ്മേളനം സമാപിക്കും.