സീതത്തോട്: സീതത്തോട് പഞ്ചായത്തിൽ വാലുപാറ വാർഡിൽ ഭയങ്കരാംമുടി കോളനിയിലെ 13 കുടുംബങ്ങൾ സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ അംഗത്വം എടുത്തു. കോൺഗ്രസ് ഉൾപ്പെടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം നടത്തുവാൻ കഴിയാതിരുന്ന മേഖലയാണ് പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ കോളനിയായ ഭയങ്കരാംമുടി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ വോട്ടവകാശം ഉള്ള 33 പേരാണ് പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നത്. ഈ പ്രദേശത്ത് അനുവദിക്കപ്പെടുന്ന ഫണ്ടുകൾ കാര്യക്ഷമമായി വിനിയോഗിക്കാത്തതും 2014 ൽ ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയിൽ വർഷംതോറും ലക്ഷക്കണക്കിന് രൂപ ഉപയോഗിക്കുന്നുണ്ടെങ്കിലും 30 ദിവസം പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കോളനിയിലെ അംഗൻവാടി നിർമ്മാണത്തിലെ അഴിമതിയും മരാമത്തുപ്രവർത്തികളിലെ സിപിഎം, ഡി വൈ എഫ്ഐ നേതാക്കളുടെ ബിനാമി ഇടപാടുകളും ചൂണ്ടിക്കാട്ടിയാണ് സ്ത്രീകൾ അടക്കം വലിയ വിഭാഗം പാർട്ടിവിട്ടത്. എം എൽ എ, ജില്ലാപഞ്ചായത്ത് അംഗം, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ വാർഡിലാണ് കോളനി സ്ഥിതിചെയ്യുന്നത്.
സിപിഎം വിട്ടുവന്നവരെ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പ്രൊ. സതീഷ് കൊച്ചുപറമ്പിൽ അംഗത്വം നൽകി ത്രിവർണ്ണഷാൾ ഇട്ട് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് രതീഷ് കെ നായർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡിസിസി ജനറൽ സെക്രട്ടറി സാമൂവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് മാരായ ആർ. ദേവകുമാർ,ദീനമ്മ റോയി, മാത്യു കല്ലേത്ത്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സൂസൻ മേബിൾ സലിം, ജോയൽ മാത്യു, കെ വി ശാമുവൽ, സുലേഖ വി നായർ, ജോസ് പുരയിടം, ജിബിൻ എബ്രഹാം വർഗ്ഗീസ്,ടി കെ സലിം, ശ്യാമള ഉദയഭാനു, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.