കൊൽക്കത്ത: പതിമൂന്നുകാരിയായ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ലാബ് ജീവനക്കാരൻ അറസ്റ്റിൽ, പശ്ചിമബംഗാളിൽ ഹൗറ ജില്ലാ ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയോടെ നടന്ന സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു. സിടി സ്കാൻ എടുക്കുന്നതിനായാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. സ്കാനിനായി കുട്ടിയെ ലാബിലേക്ക് കയറ്റിയതിന് പിന്നാലെയായിരുന്നു സംഭവം. ലാബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ഉടനെ കുടുംബത്തെ വിവരമറിയിച്ചു. ഇതിന് പിന്നാലെ കുടുംബം ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിഷയത്തിൽ ആശുപത്രിയിലെ പരാതി പരിഹാര കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഞാറാഴ്ച രാവിലെ വരെ ചോദ്യം ചെയ്തിരുന്നു. പീഡന സംഭവം നടന്ന സാഹചര്യം കണക്കിലെടുത്ത് ആശുപത്രി സംവിധാനത്തിനുള്ളിലെ സുരക്ഷാ സംവിധാനത്തിൽ നിലവിലുള്ള വീഴ്ചകളും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.
നേരത്തെ ബിർഭൂം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തിൽ രോഗിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ സ്‌ട്രെച്ചറിലെത്തിച്ച പ്രതിയാണ് നഴ്‌സിനെ ഉപദ്രവിച്ചത്. കടുത്ത പനി ബാധിച്ച ഇയാൾക്ക് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയായിരുന്നു സംഭവം. രോഗി തന്നെ നല്ലതല്ലാത്ത രീതിയിൽ സ്പർശിക്കുകയും മോശം വാക്കുകൾ പ്രയോഗിക്കുകയും ചെയ്തതായി നഴ്‌സ് നൽകിയ പരാതിയിൽ പറയുന്നു. ഒരു രോഗിക്ക് എങ്ങനെയാണ് ഇങ്ങനെ പെരുമാറാൻ സാധിച്ചതെന്നും തങ്ങൾക്ക് സുരക്ഷയില്ലെന്നും നഴ്‌സ് പറഞ്ഞു. സംഭവം നടന്നയുടനെ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗത്തിനിയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുവ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളഅ ആളിക്കത്തുന്നതിനിടെയുണ്ടായ സംഭവങ്ങൾ സംസ്ഥാന സർക്കാർ നടത്തുന്ന ആശുപത്രികളിൽ വരെ സ്ത്രീകളുടെ സുരക്ഷക്കുണ്ടാക്കുന്ന വീഴ്ചയെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.
ആർ ജി കർ ആശുപത്രിയിലുണ്ടായ സംഭവത്തിൽ സിവിക് വൊളണ്ടിയറായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് മുൻപ് പ്രതി മറ്റൊരു സ്ത്രീയെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ പറഞ്ഞിരുന്നു.
പുലർച്ചെ 4.03 ഓടെയാണ് പ്രതി ആർജി കർ ആശുപത്രിയിലെത്തുന്നത്. സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സഞ്ജയ് റോയ് സുഹൃത്തായ അനുപം ദത്തയുമായി കൂടിക്കാ്ച നടത്തിയിരുന്നതായാണ് റിപ്പോർട്ട്. സിസിടിവി ക്യാമറ ദൃശ്യങ്ങളും യുവതിയുടെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബ്ലൂടൂത്ത് ഇയർഫോണും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് റോയിയെ അന്വേഷണ സംഘം പിടികൂടിയത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർജികർ ആശുപത്രിയിൽ 31 കാരിയായ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയതിന് പിന്നാലെ പ്രതി ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.