കൊച്ചി : കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് തുടങ്ങി. അതേസമയം എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കർശന നടപടികള്‍ സ്വീകരിച്ച് തുടങ്ങി. നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കി. ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ നഗരസഭ സെക്രട്ടറിയുടെയും ഡിസിപിയുടെയും നേതൃത്വത്തിൽ പരിശോധന നടത്തി.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാൽ മാർക്കറ്റ് അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തിരുന്നു.