റാന്നി: റാന്നിയില്‍ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ അപ്പ്രോച്ച് റോഡിനായി ഏറ്റെടുത്ത പാതയുടെ അറ്റകുറ്റപ്പണിക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത രാമപുരം – ബ്ലോക്ക് പടി, ഉപാസനക്കടവ് – പേട്ട റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ് തുക അനുവദിച്ചത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ്. 26 കോടി രൂപയായിരുന്നു അടങ്കൽ തുക. പമ്പാ നദിയിലെ പെരുമ്പുഴ കടവിനെയും ഉപാസന കടവിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. നദിയിലെ തൂണുകളുടെ നിർമ്മാണം ഭാഗികമായി നടത്തിയെങ്കിലും അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാൻ വന്ന കാലതാമസം പാലം നിർമ്മാണം ഇടയ്ക്കുവെച്ച് മുടങ്ങി.
നിർമ്മാണ ചിലവ് കൂടിയതിനാൽ പഴയ തുകയ്ക്ക് നിർമ്മാണം സാധ്യമല്ല എന്ന് കാട്ടി കരാറുകാരൻ നിർമ്മാണത്തിൽ നിന്നും പിന്മാറി. ഇതോടെ തകർന്നു തുടങ്ങിയ രാമപുരം – ബ്ലോക്ക് പടി റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതപൂർണമായി ‘ വീതി കുറഞ്ഞ റോഡിൻ്റെ മിക്ക ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹന യാത്ര യാത്ര ഏറെ ദുഷ്കരമായിരുന്നു. എംഎൽഎയുടെ നിരന്തരമായ ഇടപെടൽ മൂലം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികൾ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. വസ്തു ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നിശ്ചയിച്ച് അന്തിമനുമതിക്കായി കിഫ്ബിക്ക് സമർപ്പിച്ചിരിക്കുകയാണ്. തുക കിഫ്ബി റവന്യൂ വകുപ്പിന് കൈമാറുന്നതനുസരിച്ച് വസ്തു ഉടമകളുമായി ചർച്ച ചെയ്ത് സ്ഥലം ഏറ്റെടുക്കും. 14.45 കോടി രൂപയാണ് ഇപ്പോൾ സ്ഥലം ഏറ്റെടുപ്പിന് മാത്രം മാറ്റിവച്ചിരിക്കുന്നത്. പാലം നിർമ്മിക്കുന്നതിന് അധികമായി വരുന്ന 20 കോടി രൂപയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പ് തുടങ്ങുന്നതനുസരിച്ച് പാലം നിർമ്മാണം ടെൻഡർ ചെയ്ത് പുനരാരംഭിക്കും.
പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്നത് വരെയുള്ള യാത്രക്കാരുടെ ദുരിതമൊഴിവാക്കുന്നതിന് വേണ്ടിയാണ് എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം 15 ലക്ഷം രൂപ റോഡ് പുനരുദ്ധാരണത്തിനായി ഇപ്പോൾ കിഫ്ബി അനുവദിച്ചിരിക്കുന്നത്.