തിരുവനന്തപുരം : കേരളസര്‍ക്കാരിന്‍റെ ശമ്പളത്തില്‍ ഡല്‍ഹിയില്‍ വെറുതേ ഇരിക്കുന്നത് 156 പേര്‍. കെ പി അനില്‍ കുമാറിന്‍റെ ചോദ്യത്തിന് മുഖ്യന്‍റെ തട്ടാമുട്ടിയും. ഖജനാവിലെ കാശ് പോകുന്ന വഴിയേ. ഡല്‍ഹിയില്‍ കെവി തോമസിന്‍റെ പ്രസക്തി ചോദ്യം ചെയ്യുന്ന വിവരങ്ങള്‍ പുറത്ത്. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിനുവേണ്ടി 156 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍. കെ.വി.തോമസിനെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായി കാബിനറ്റ് പദവിയില്‍ നിയമിച്ച സാഹചര്യത്തില്‍ എ.പി.അനില്‍കുമാര്‍ നിയമസഭയിലുന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കെവി തോമസിന്‍റെ നിയമനം അനാവശ്യമാണെന്ന ചര്‍ച്ച സജീവമാക്കുന്നതാണ് മറുപടിയും.
ഇതിനു പുറമേയാണ് ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ വേണു രാജാമണിയെയും സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രതിനിധിയായി കെ.വി.തോമസിനെയും നിയമിച്ചിരിക്കുന്നത്. വേണു രാജാമണിയുടെ ശമ്പളവും ചെലവുകളും വഹിക്കുന്നതു നോര്‍ക്ക സെല്‍ ആണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. തോമസിന് ഹോണറേറിയം ആണ് നല്‍കുക. പെന്‍ഷനും ഹോണറേറിയവും ഒരുമിച്ച് വാങ്ങാനാണ് ഇത്. ഈ ഫയലില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍.
കേരളാ ഹൗസിലെ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ മാത്രം 111 ജീവനക്കാരുണ്ട്. ഇതില്‍ ആറുപേര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. റസിഡന്റ് കമ്മിഷണറുടെ കാര്യാലയത്തില്‍ അഞ്ചു വിഭാഗങ്ങളിലായി 35 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 3 പേര്‍ കമ്മിഷണറുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയും ഏഴു പേര്‍ ഓഫിസ് സ്റ്റാഫ് ആയും പ്രവര്‍ത്തിക്കുന്നു. റസിഡന്റ് കമ്മിഷണര്‍ക്കു കീഴില്‍ പൊതുമരാമത്തു വിഭാഗത്തില്‍ നാലും ലെയ്‌സണ്‍ വിഭാഗത്തില്‍ പന്ത്രണ്ടും നിയമവിഭാഗത്തില്‍ ഒന്‍പതും ജീവനക്കാരുണ്ട്. നേരത്തെ റസിഡന്റ് കമ്മിഷണറാണ് ഏകോപനമെല്ലാം നോക്കിയിരുന്നത്. ഇതിന്‍റെ ആവശ്യമേ ഉള്ളൂവെന്നതാണ് വസ്തുത.
ഇതുകൂടാതെ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ 6 പേരും ടൂറിസം വകുപ്പിനു കീഴില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേരും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു. ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയ നിയമനങ്ങളും. നാട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും ചീത്തവിളി കേട്ടു മടുത്തു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ യു.ഡി.എഫിന്‍റെ രാപ്പകല്‍ സമരം കഴിയട്ടെ, എന്നിട്ട് മതി കെ.വി.തോമസിന്റെ ഓണറേറിയം ഫയല്‍ പരിഗണിക്കുന്നത് എന്ന തീരുമാനത്തിലാണ്. അതുകൊണ്ട് തന്നെ തീരുമാനം ഉടന്‍ വരും.
ധനകാര്യ മന്ത്രി ബാലഗോപാലിന്‍റെ ഉഗ്രശാസനം കേട്ട് ഞെട്ടിയവരില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുമുണ്ട്. ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയല്‍ മന്ത്രി ബാലഗോപാലിന് കൊടുക്കാതെ ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി സജ്ഞയ് കൗളിന് മടക്കി നല്‍കി വിശ്വനാഥ് സിന്‍ഹ. ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയല്‍ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ കയ്യില്‍ ഭദ്രമായിരിക്കയാണ് ഇപ്പോള്‍. ഇത് സംബന്ധിച്ച ഇ- ഫയല്‍ രേഖയുടെ വിശദാംശങ്ങള്‍ ലഭിച്ചിരുന്നു.
ശമ്പളം വേണ്ട, ഓണറേറിയം മതി എന്ന കെ.വി. തോമസിന്‍റെ കത്ത് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പ് തുടര്‍ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി 3 ന് തന്നെ കെ.വി. തോമസിന്റെ ഓണറേറിയം നിശ്ചയിക്കാനുള്ള ഫയല്‍ ധനവകുപ്പില്‍ നീങ്ങാന്‍ തുടങ്ങി. ധന എക്സ് പെന്‍ഡച്ചര്‍ വിംഗില്‍ നിന്ന് ഓണറേറിയം ഫയല്‍ ഈ മാസം 4 ന് എക്സ് പെന്‍ഡിച്ചര്‍ സെക്രട്ടറി സജ്ഞയ് കൗളിന് നല്‍കി. സജ്ഞയ് കൗള്‍ ഫയല്‍ പരിശോധിച്ചതിന് ശേഷം വിശ്വനാഥ് സിന്‍ഹക്ക് ഫെബ്രുവരി 9 ന് നല്‍കി. തുടര്‍ന്നാണ് തനിക്ക് ഉടനെ ഫയല്‍ അയക്കണ്ട മന്ത്രി ബാലഗോപാലിന്റെ നിര്‍ദ്ദേശം വന്നത്. അതോടെയാണ് ഓണറേറിയം ഫയല്‍ ധനവകുപ്പില്‍ കുരുങ്ങിയത്.
ജനുവരി 23 നായിരുന്നു ശമ്പളം വേണ്ട, ഓണറേറിയം മതി എന്ന കത്ത് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പൊളിറ്റിക്കല്‍ വകുപ്പ് ഉടനടി കത്ത് ധനമന്ത്രി ബാലഗോപാലിന് കൈമാറി. ജനുവരി 31 മുതല്‍ ബാലഗോപാലിന്റെ കയ്യിലാണ് ഈ കത്ത് എന്നാണ് ഇ-ഫയല്‍ രേഖ. മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ച ശേഷമാകും ഓണറേറിയം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക. കെ വി തോമസിന് ഓണറേറിയമാണ് നല്‍കുക എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ എത്രായാണ് ഓണറേറിയം എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഈ തുക എന്തായാലും ഉയര്‍ന്നതു തന്നെയാകുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാരുമായി സൗഹാര്‍ദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുന്‍പില്‍ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കെ വി തോമസ് ശമ്പളം വേണ്ടെന്ന് പറഞ്ഞ് ഓണറേറിയം വാങ്ങാന്‍ തീരുമാനിച്ചതിലും ഗുട്ടന്‍സുണ്ട്. ഏതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നയാളിനു സര്‍ക്കാരില്‍ പുനര്‍നിയമനം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ മാസ ശമ്പളത്തില്‍ നിന്നു പെന്‍ഷന്‍ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്ബളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. ശമ്പളത്തിന് ആദായ നികുതി നല്‍കണം. ഓണറേറിയത്തിന് അതു വേണ്ട.
കഴിഞ്ഞ മാസമായിരുന്നു ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെവി തോമസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. നിരക്ക് കുറവുള്ള ക്ലാസുകളില്‍ വിമാനയാത്ര മതിയെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കെവി തോമസിന് ശമ്പളത്തിന് പകരം ഓണറേറിയം നല്‍കിയാല്‍ അദ്ദേഹത്തിന് പെന്‍ഷനും ഓണറേറിയവും ഒന്നിച്ച് വാങ്ങാന്‍ അര്‍ഹതയുണ്ടാകും. ഇവിടെയാണ് കെ വി തോമസ് ഓണറേറിയം മതിയെന്ന് പറഞ്ഞതിലെ ഗുട്ടന്‍സ് പിടികിട്ടുക. ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.