മുംബൈ: 15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ 16 വയസുകാരൻ അറസ്റ്റിലായി. കുട്ടിയെ തള്ളിയിട്ട ശേഷം അത്മഹത്യയാക്കി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചു. എന്നാൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകായയിരുന്നു. മുംബൈയിലെ ഒരു ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു മരിച്ച 16കാരി. മുളുന്ദിൽ അമ്മയോടൊപ്പം താമിസിച്ചിരുന്ന കുട്ടി ജൂൺ 24ന് തന്റെ സുഹൃത്തായ ആൺകുട്ടിയുടെ ഫ്ലാറ്റിലെത്തി. തനിക്ക് പഠന കാര്യങ്ങളിലുള്ള സമ്മർദത്തെക്കുറിച്ചാണ് പെൺകുട്ടി സംസാരിച്ചത്. പിന്നീട് കെട്ടിടത്തിന്റെ ഡി-വിങിലെ ടെറസിലുള്ള വലിയ വാട്ടർ ടാങ്കിന് മുകളിലേക്ക് കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയി.
അവിടെ നിന്ന് സംസാരിക്കുന്നതിനിടെ ഡേറ്റ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ പ്രതി കുട്ടിയെ പിടിച്ച് തള്ളുകയായിരുന്നു. പെൺകുട്ടി ടെറസിൽ നിന്ന് താഴേക്ക് വീണു. ഇതിന് പിന്നാലെ കുട്ടിയുടെ മൊബൈൽ ഫോൺ പ്രതി താഴേക്ക് എറിഞ്ഞു. സമീപത്തുള്ള ഇ-വിങിന്റെ അടുത്താണ് ഫോൺ ചെന്നുവീണത്. കുട്ടിയുടെ ശരീരം ഫ്ലാറ്റിലെ ഒരു ഡക്ടിന് സമീപം കിടക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോൾ കെട്ടിടത്തിന്റെ 30-ാം നിലയിലെ ജനലിലൂടെ പെൺകുട്ടി താഴേക്ക് ചാടിയെന്നും പഠനകാര്യങ്ങളിലെ സമ്മർദം കാരണം ആത്മഹത്യ ചെയ്തതാണെന്നും പ്രതി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചപ്പോൾ ഈ മൊഴി സത്യമല്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊലപാതക കുറ്റം ചുമത്തി തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഡോംഗ്രിയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.