മയ്യഴി : മാഹി സെയ്ന്റ് തെരേസ തീർഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാളിന്റെ 16-ാം ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലി ആർപ്പിച്ചു. ഫാ.ആന്റണി കുരിശിങ്കൽ ഒഎഫ്എം മുഖ്യകർമികനായിരുന്നു. തുടർന്ന് ഭക്തജനത്തിരക്കിനനുസരിച്ച് വിവിധ സമയങ്ങളിലായി ദിവ്യബലി നടത്തി.
വൈകുന്നേരം ഫാ.ജോയി പൈനാടത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും നടത്തി. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യ മാതാവിനോടുള്ള നൊവേനയും നടന്നു. ആഘോഷമായ ദിവ്യബലിക്ക് ഇടവകയിലെ സെയ്ന്റ് ജൊവാൻ ഓഫ് ആർക്ക് യൂണിറ്റ് അംഗങ്ങളാണ് നേതൃത്വം നൽകിയത്. ദേവാലയത്തിലെ തിരുചടങ്ങുകൾക്ക് സഹ വികാരി ഫാ.ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, കന്യാസ്ത്രീകൾ, ഇടവക ജനങ്ങൾ തുടങ്ങിവർ നേതൃത്വം നൽകി.തിരുനാളിന്റെ 17-ാം ദിനമായ വ്യാഴാഴ്ച രാവിലെ ഏഴിനും 10.30 നും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് വൈകുന്നേരം ആറിന് ഫാ.അനിൽ ജോസഫിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി നടക്കും. 18 ദിവസത്തെ തിരുനാളിന് 22 ന് കൊടിയിറങ്ങും.