ന്യൂഡല്‍ഹി : ദില്ലി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടത് 1993 ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം കേസിലെ പ്രതിയായ ജാൻ മുഹമ്മദിനെ ചോദ്യം ചെയ്യാൻ മുംബൈ എടിഎസ് സംഘം ദില്ലിയിൽ എത്തി.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്ക് സമാനമായ സ്ഫോടന പരമ്പരയാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഇതിനായി പരിശീലനവും ഇവർക്ക് ലഭിച്ചു. റെയിൽവേ ട്രാക്കകളിലും സ്റ്റേഷനുകളും സ്ഫോടനങ്ങള്‍ നടത്താനാണ് ആദ്യ പദ്ധതി. പിന്നാലെ ഉത്സവാഘോഷസമയത്ത് പ്രധാനസ്ഥലങ്ങളിലും ആക്രമണം. ഒരേ സമയത്ത് പലയിടങ്ങളിൽ സ്ഫോടനം നടത്താൻ സ്ഥലങ്ങളും തെരഞ്ഞെടുത്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കളിലെ പരിശോധന തുടരുകയാണ്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ ദില്ലി സ്വദേശി ഒസാമയുടെ പിതാവിന് ഈ പദ്ധതികളിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. നിലവിൽ ദുബായിലുള്ള ഇയാളെ ഉടൻ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് സെപ്ഷ്യൽ സെൽ.
അതേസമയം മുംബൈയിൽ നിന്ന് എത്തിയ മഹാരാഷ്ട്രയിൽ നിന്നുള്ള എടിഎസ് സംഘം പ്രതിയായ ജാൻ ഷെഖിനെ ഇന്ന് ചോദ്യം ചെയ്യും. മഹാരാഷ്ട്രയിൽ ഇവർ ലക്ഷ്യമിട്ട ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് യുപിയിലും ദില്ലിയും ഇന്നും തെരച്ചിൽ നടന്നു. കേസിൽ ഒരു പ്രതിയെ കൂടി സെപ്ഷ്യൽ സെൽ പിടികൂടിയെന്നാണ് സൂചന.