മലപ്പുറം : വളാഞ്ചേരിയില്‍ രേഖകളില്ലാത്ത ഒരു കോടിയിലധികം രൂപയും, 117 ഗ്രാം സ്വര്‍ണ നാണയങ്ങളുമായി ദമ്പതികള്‍ പിടിയില്‍. വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് പണവും സ്വര്‍ണവും കടത്താന്‍ ശ്രമിച്ചത്. വളാഞ്ചേരിയില്‍ പോലീസ് വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പോലീസ് കണ്ടെത്തിയത്.
കേസില്‍ മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കലിനേയും ഭാര്യ അര്‍ച്ചനയെയും അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കടത്തുകയായിരുന്നു പണം. ഇവരില്‍ നിന്ന് 117 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയങ്ങളും പിടികൂടി. കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമമെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ ജിനേഷ് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ആറ് തവണകളായി എട്ടു കോടിയോളം രൂപയുടെ കുഴല്‍പണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.