കണ്ണൂര്‍ : ഒരു വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചവശയാക്കി. കണ്ണൂര്‍ കണിച്ചാറിലാണ് സംഭവം. തലയ്ക്കും കൈക്കും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛനായ രതീഷാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.
സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയില്‍. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. രതീഷിനും രമ്യക്കും എതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അനുസരിച്ചാണ് പോലീസ് കേസെടുത്തത്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
കുട്ടിയുടെ അമ്മ രമ്യയുമായുള്ള രതീഷിന്റെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രതീഷ് കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി സുലോചന ആരോപിച്ചു. കുഞ്ഞ് വീട്ടില്‍ മൂത്രംമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ശനിയാഴ്ച വൈകിട്ട് മകളെ വിളിക്കുമ്പോഴാണ് സംഭവം അറിയുന്നത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.