കോവളം : ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ പോലിസ് ഓഫീസറെ വഴിയില്‍തടഞ്ഞ് ആക്രമിച്ച് പരിക്കേല്‍പ്പിച്ച രണ്ടംഗ സംഘത്തെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാര്‍ വിളാകം വീട്ടില്‍ സുവി (22), പനങ്ങോട് തുമ്പിളിയോട് നൌഫിയാ മന്‍സിലില്‍ ഇസ്മയില്‍(22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ എസ്.എഫ്.എസ് സ്‌കൂളിന് സമീപത്തെ ബൈപാസിലെ സര്‍വ്വീസ് റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്.
ജോലികഴിഞ്ഞ് യൂണിഫോമില്‍ തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ ഹൈവെ പട്രോളിംഗ് യൂണിറ്റിലെ സീനിയര്‍ സിവില്‍ പോലിസ് ആഫീസറായ വനിതയെയാണ് ഓട്ടോയിലെത്തി ഇരുവരും വഴിയില്‍ തടഞ്ഞ് സ്‌കൂട്ടറില്‍ നിന്ന് ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിച്ചത്. സംഭവം കണ്ട് സമീപവാസികള്‍ ഓടിവരുന്നതിനിടെ അക്രമികള്‍ കടന്നുകളഞ്ഞു.
വിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം സി.ഐ എസ്.ബി പ്രവീണ്‍, കോവളം സി.ഐ പി. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിക്കേറ്റ വനിതാ ആഫീസറെ ആശുപത്രിയിലാക്കി. തുടര്‍ന്ന് കോവളം സി.ഐ പി.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐ അനീഷ് കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷിജു, ബിജേഷ്, ഷൈജു എന്നിവരാണ് തിരച്ചില്‍ നടത്തിയത്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതികള്‍ ആക്രമിച്ചത്.