കട്ടപ്പന : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടില്‍ ക്രിസ്റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തന്‍പുരയ്ക്കല്‍ ജിക്കുമോന്‍ (19) എന്നിവരെയാണ് ഉപ്പുതറ സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഉപ്പുതറ സ്വദേശിനിയായ 17കാരി ഒക്ടോബറില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ് – പെണ്‍കുട്ടിയോടൊപ്പം പ്ലസ് വണ്ണിന് പഠിച്ചിരുന്നവരാണ് പ്രതികള്‍. ക്രിസ്റ്റി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. ആഗസ്റ്റ് 24ന് 6.11 ഗ്രാം സ്വര്‍ണ കൊലുസും രണ്ട് ഗ്രാം മോതിരവും കൈവശപ്പെടുത്തി പണയംവെച്ചു. ആഭരണങ്ങള്‍ കാണാതായത് വീട്ടുകാര്‍ ചോദ്യംചെയ്തതോടെ പെണ്‍കുട്ടി പ്രതികളെ സമീപിച്ച് മടക്കി ആവശ്യപ്പെട്ടു. നല്‍കാന്‍ തയാറാകാതെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതോടെ ഒക്‌ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ടോടെ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പണയപ്പെടുത്തിയിരുന്ന കൊലുസും ജിക്കുമോന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോതിരവും പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ ഒന്‍പത് ഗ്രാം സ്വര്‍ണമാല കാണാതായിട്ടുണ്ടെങ്കിലും വാങ്ങിയശേഷം തിരികെ നല്‍കിയിരുന്നെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഉപ്പുതറ സി.ഐ എം.എസ്. റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.