ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ടു മലയാളി യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്‌എം നഗര്‍ ഒഎസ്‌സി കോളനി നിവാസിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സുബിന്‍ ബാബു (24), സുഹൃത്ത് സജിന്‍ വര്‍ഗീസ് (27) എന്നിവരാണു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അറസ്റ്റിലായത്. മുഖ്യപ്രതി സുബിന്‍ സ്വകാര്യ കമ്പനിയില്‍ മാനേജരാണ്. മൂന്നു വര്‍ഷം മുന്‍പാണു സെംപാക്കം സ്വദേശിനിയായ 19കാരിയെ സുബിന്‍ പരിചയപ്പെട്ടത്. അന്നു 16 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചു വിവാഹവാദ്ഗാനം നല്‍കിയാണു പ്രതി പീഡിപ്പിച്ചതെന്നു താംബരം ഓള്‍ വിമന്‍ പോലീസ് പറഞ്ഞു. പിന്നീട് ഫോണില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും അടക്കം മൂന്നു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു.
പ്രായപൂര്‍ത്തിയായതിനാല്‍ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ വീണ്ടും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടര്‍ന്നും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൗണ്‍സിലിങ് നല്‍കുന്നതിനിടെയാണു പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചത്.
മാനഹാനി ഭയന്നു മാതാപിതാക്കള്‍ പരാതി നല്‍കിയില്ല. മാസങ്ങള്‍ക്കു ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയതോടെയാണു രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നും കൊന്നുകളയുമെന്നുമായിരുന്നു പറഞ്ഞത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമം ചുമത്തിയതായും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും പോലീസ് പറഞ്ഞു.