മല്ലപ്പള്ളി: താഴത്തുവടകര ചിറയ്ക്കല്‍പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിര്‍മ്മിക്കുന്നതിന് 20.22 കോടി രൂപയുടെ സാങ്കേതിക അനുമതിയായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ പരിഹാരമായി. 76 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയിലുമുള്ള പാലത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് ടാറിങ്ങ്. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയുമുണ്ട്. താഴത്തുവടകര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജ്, സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള നിര്‍ദ്ദിഷ്ട ഭിന്നശേഷി ഗ്രാമം ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, പടയണിക്ക് പേരുകേട്ടതും ശബരിമല പരമ്പരാഗത റോഡിലെ പ്രധാന ഇടത്താവളക്ഷേത്രവുമായ കോട്ടാങ്ങല്‍ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്കും മല്ലപ്പള്ളി, വായ്പ്പൂര്, കോട്ടാങ്ങല്‍, ചുങ്കപ്പാറ, എരുമേലി പ്രദേശങ്ങളിലേക്കും ഏറ്റവും ചുരുങ്ങിയ ദൂരത്തില്‍ ഇതിലൂടെ എത്തിപ്പെടാന്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കങ്ങഴ, വെള്ളാവൂര്‍, കുളത്തൂര്‍മൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സാധിക്കും. നിലവില്‍ എട്ടുകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് ഇവിടങ്ങളിലെത്തുന്നത്.
ഏക ആശ്രയമായിരുന്ന ജലസേചന വകുപ്പിന്റെ കടത്തുവള്ളം ഇപ്പോള്‍ നിലച്ചിരിക്കുകയുമായിരുന്നു. ജലസേചന വകുപ്പിന്റെ തന്നെ കോസ് വേ എന്ന ആശയം വളരെ മുമ്പ് തന്നെ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പുതിയ പാലം എന്ന ആവശ്യമുന്നയിച്ച് ധനവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നിരന്തരം നിവേദനങ്ങളും നിയമസഭയില്‍ സബ്മിഷനും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ധനകാര്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പ്രത്യേക പരിഗണനയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ച പദ്ധതികളുടെ പട്ടികയില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഏക പദ്ധതിയായി 13 കോടിയുടെ ഈ പദ്ധതി ഉള്‍പ്പെടുത്തി.
പദ്ധതി സംബന്ധിച്ച് സോയില്‍ ഇന്‍വെസ്റ്റിഗേഷനു ശേഷം എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ മണിമലയാറ്റില്‍ 2021 ഒക്‌ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കം കൂടി കണക്കിലെടുത്ത് പുതിയ പാലം ഉയര്‍ത്തി നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും അതനുസരിച്ചുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക 20.22 കോടിയായി വര്‍ദ്ധിക്കുകയും ചെയ്തു. ബജറ്റില്‍ അനുവദിച്ച 13 കോടിക്ക് പുറമേയുള്ള തുക അധികമായി അനുവദിച്ച് ധനകാര്യ മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെയും പൊതുമരാമത്ത് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയുമാണ് ഇപ്പോള്‍ അന്തിമാനുമതി ലഭിച്ചിരിക്കുന്നത്. പാലത്തിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷനും ഡിസൈനും അടക്കം പൂര്‍ത്തിയാക്കി പൂര്‍ണമായ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നതിന് സാങ്കേതിക അനുമതി കൂടി ലഭ്യമായതിനാല്‍ ഈയാഴ്ചതന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.