വാഷിങ്ടണ്‍: രണ്ടായിരം വര്‍ഷം പഴക്കമുള്ള ചുരുളിലെ അക്ഷരങ്ങള്‍ വായിച്ചെടുത്ത് നിര്‍മ്മിതബുദ്ധി (എ.ഐ). എ.ഡി. 79 -ല്‍ ഇറ്റലിയിലെ പോംപൈ നഗരത്തിലുണ്ടായ മൗണ്ട് വെസുവിയസ് അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ ഭാഗികമായി കരിഞ്ഞുപോയ ചുരുളിലെ വിവരങ്ങളാണ് എ.ഐ. തിരിച്ചറിഞ്ഞത്. ഈ ചുരുളുകള്‍ പാരീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ഫ്രാന്‍സിലും നേപ്പിള്‍സിലെ നാഷണല്‍ ലൈബ്രറിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. വസുവിയസ് ചലഞ്ച്’ എന്ന പേരില്‍ ചുരുളിലെ എഴുത്തുകള്‍ വായിക്കാനായി ശ്രമങ്ങള്‍ നടന്നിരുന്നു. യൂസഫ് നാദര്‍, ലൂക്ക് ഫാരിറ്റര്‍, ജൂലിയന്‍ ഷില്ലിഗര്‍ എന്നിവരടങ്ങുന്ന സംഘമാണ് എ.ഐ. ഉപയോഗിച്ച് ചുരുളുകളിലെ ഗ്രീക്ക് അക്ഷരങ്ങളെ ഇപ്പോള്‍ തിരിച്ചറിഞ്ഞത്.
സംഘത്തിന് ഏഴുലക്ഷം യു.എസ് ഡോളര്‍ (ഏകദേശം 5.8 കോടി രൂപ) സമ്മാനവും ലഭിച്ചു. കത്തിനശിച്ച ചുരുളുകളിലെ മഷി വേര്‍തിരിച്ചറിഞ്ഞാണ് എ.ഐ. അക്ഷരങ്ങളെ വായിച്ചത്. നാലു ഖണ്ഡികകള്‍ തിരിച്ചറിഞ്ഞ് 140 വാക്കുകള്‍ വായിച്ചെടുക്കുകയായിരുന്നു സംഘത്തിനു മുമ്പിലുണ്ടായിരുന്ന വെല്ലുവിളി. കഴിഞ്ഞവര്‍ഷം സംഘത്തിലെ ഫാരിറ്റര്‍ ഒരു ചുരുളിലെ ആദ്യവാക്ക് തിരിച്ചറിഞ്ഞിരുന്നു. ആകെ എണ്ണൂറോളം ചുരുളുകളാണ് നിലവില്‍ അവശേഷിക്കുന്നത്. ഇതില്‍ അഞ്ചുശതമാനംമാത്രമാണ് ഇപ്പോള്‍ വായിച്ചെടുത്തത്. തത്ത്വചിന്തകനായ ഫിലോഡെമസ് എഴുതിയതാണ് ഈ പാപ്പിറസ് ചുരുളുകളെന്നും സംഗീതം, ഭക്ഷണം, ജീവിതം എങ്ങനെ ആസ്വദിക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് എഴുത്തുകളെന്നും വിശ്വസിക്കപ്പെടുന്നു. ചുരുളുകളുടെ 85 ശതമാനം വായിച്ചെടുക്കുകയാണ് അടുത്തഘട്ടത്തിലെ ലക്ഷ്യം.