പത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചതോടെ 1500 കിടക്കകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രമീകരിച്ചു. കൂടാതെ സി.എഫ്.എല്‍.ടി.സികളില്‍ 500 കിടക്കകളുമുണ്ട്. കോഴഞ്ചേരിയില്‍ 27 ഐ.സി.യു യൂണിറ്റുകളുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മുപ്പതെണ്ണം ആക്കാനുള്ള ശ്രമവും നടക്കുകയാണ്. നിലവില്‍ എട്ട് യൂണിറ്റാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉള്ളത്.
ജില്ലയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നിലവില്‍ ഇല്ല. കോഴഞ്ചേരിയില്‍ 120 ഓക്സിജന്‍ സിലിണ്ടറുകളും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 140 ഓക്സിജന്‍ സിലിണ്ടറുകളും ഉണ്ട്. ഇവ കൃത്യസമയത്ത് നിറച്ചുകിട്ടുന്നുമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഫസ്റ്റ്ലൈന് കോവിഡ് സെന്ററുകളില്‍ പന്തളം അര്‍ച്ചന, മുസലിയാര്‍ കോളജ്, റാന്നി മേനാംതോട്ടം എന്നിവിടങ്ങളിലും ഓക്സിജന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയിലടക്കം ഉപയോഗിച്ചിരുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് നിറച്ച് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ദിവസവും 200 ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യമായിവരും. രോഗികള്‍ വര്‍ധിക്കുമ്പോള്‍ ഓക്സിജന്‍ ക്ഷാമമുണ്ടാകാതിരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രി വീണ്ടും കോവിഡ് സ്പെഷല്‍ ആശുപത്രിയായി മാറ്റി. ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെയാണ് ഇത്. കഴിഞ്ഞദിവസം മുതല്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. കഴിഞ്ഞ ജൂണ്‍ മുതല്‍ ജനറല്‍ ആശുപത്രി കോവിഡ് സ്പെഷല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഇതോടെ ഒ.പി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ ഒ.പി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. ഇതേ തുടര്‍ന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയെ പൂര്‍ണമായും കോവിഡ് ചികിത്സകേന്ദ്രമായി മാറ്റിയിരുന്നു. 100 കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളാണ് ആദ്യഘട്ടം ക്രമീകരിക്കുന്നത്. ഇത്രയും കിടക്കകള്‍ തല്ക്കാലം മതിയെങ്കില്‍ ഒ.പി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ രോഗികളുടെ എണ്ണം വരും ദിവസങളില്‍ കൂടുകയാെണങ്കില് ഒ.പി പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരും.