പ്രീമിയം ഫീല്‍, ബ്രാന്‍ഡ് വിശ്വാസ്യത, കിടിലന്‍ ഫീച്ചറുകള്‍ എന്നിവയുടെ ബലത്തില്‍ ഹിറ്റടിച്ച ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കാണ് i20. പുതുതായി കാര്‍ വാങ്ങുന്നവരുടെ പ്രഥമ ചോയ്‌സുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. പുതുക്കിയ i20 ഹാച്ച്ബാക്കിന്റെ അവതരണത്തിലൂടെ വരാനിരിക്കുന്ന 2023 ഉത്സവ സീസണ്‍ കളറാക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്‌പൈ ചിത്രങ്ങളും ടീസര്‍ വീഡിയോകളും ചില പ്രധാന ഡിസൈന്‍ മാറ്റങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കി ഹൈപ്പ് കൂട്ടിയിട്ടുണ്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍. പുതിയ i20 കോസ്മറ്റിക് മാറ്റങ്ങള്‍ കൂടാതെ ഇന്റീരിയറില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം അധിക ഫീച്ചറുകളുമായാണ് വരുന്നത്. ഇതിനിടെ പുതിയ 2023 ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള മുന്‍കൂര്‍ ബുക്കിംഗ് തിരഞ്ഞെടുത്ത ഹ്യുണ്ടായി ഡീലര്‍മാര്‍ ഇതിനകം തന്നെ സ്വീകരിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. അതിനാല്‍ തന്നെ വരും ആഴ്ചകളില്‍ പ്രീമിയം ഹാച്ച്ബാക്ക് ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. KYC ഡോക്യുമെന്റേഷന്‍ നല്‍കി 5,000 മുതല്‍ 20,000 രൂപ വരെ നല്‍കി ഉപഭോക്താക്കള്‍ക്ക് കാര്‍ ഓഫ്‌ലൈനായി ബുക്ക് ചെയ്യാം.
195 സെക്ഷന്‍ ടയറുകളില്‍ പൊതിഞ്ഞ പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകളിലാകും ഇത് ഓടുക. Z- ആകൃതിയിലുള്ള എല്‍ഇഡി ഇന്‍സെര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍ പിന്‍ഭാഗത്തിന് ഒരു പുതുമയുള്ള രൂപം നല്‍കും. ഇന്റഗ്രേറ്റഡ് സെ്‌പോയിലറുമായി കണക്ട് ചെയ്തായിരിക്കും ടെയില്‍ ലാമ്പ് വരിക. റിയര്‍ ബമ്പറിലും അപ് ഡേറ്റുകള്‍ പ്രതീക്ഷിക്കാം. ഇവ കൂടാതെ പുത്തന്‍ എക്‌സ്റ്റീരിയര്‍ കളറുകളും ഹാച്ച്ബാക്കില്‍ ഹ്യുണ്ടായി നല്‍കിയേക്കും. ഇന്റീരിയറിലേക്ക് നീങ്ങുമ്പോള്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് അതിന്റെ നിലവിലെ ഡിസൈന്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ് പുതിയ അപ്ഹോള്‍സ്റ്ററി, കളര്‍ ഇന്‍സെര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മമായ വിഷ്വല്‍ നവീകരണങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കാണുന്നു.