ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കളായ കിയ അടുത്തിടെയാണ് തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മികച്ച നിരവധി പുതുക്കലുകളോടെ പുറത്തിറങ്ങിയ 2023 മോഡൽ കിയ സെൽറ്റോസിന്റെ (Kia Seltos) ഡെലിവറിയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഡിസൈനിൽ പുതുമകൾ കൊണ്ടുവരുന്നതിനൊപ്പം പുതിയ എഞ്ചിൻ ഓപ്ഷനും ഈ വാഹനത്തിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ കോംപാക്റ്റ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. 2023 കിയ സെൽറ്റോസ് മോഡലിന്റെ മൈലേജിൽ കമ്പനി പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുണ്ട് എന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും പുതിയ എഞ്ചിനുമെല്ലാം സെൽറ്റോസിന്റെ മൈലേജ് വർധിപ്പിക്കാൻ സഹായിച്ച ഘടകങ്ങളിലാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകളിലും ഓട്ടോമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിലും ഈ വാഹനം ലഭ്യമാകും. സെൽറ്റോസിന്റെ മൈലേജ് വിശദമായി നോക്കാം.
2023 മോഡൽ കിയ സെൽറ്റോസിന്റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുമ്പോൾ ഒരു ലിറ്റർ പെട്രോളിൽ 17 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇത് ഐവിടി ഗിയർബോക്‌സുമായി ചേരുമ്പോൾ മൈലേജ് വർധിക്കും. ഐവിടി ഓപ്ഷൻ ഒരു ലിറ്റർ പെട്രോളിൽ 17.7 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.
1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ കിയ സെൽറ്റോസിൽ കമ്പനി പുതുതായി ചേർത്തിരിക്കുന്നതാണ്. നേരത്തെ ഉണ്ടായിരുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിന് പകരമാണ് ഈ 1.5 ലിറ്റർ എഞ്ചിൻ വരുന്നത്. ഈ എഞ്ചിൻ 158 ബിഎച്ച്പി പവറും 253 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിൽ ഈ എഞ്ചിൻ ലഭ്യമാകും. ഐഎംടി ഗിയർബോക്സുമായി വരുമ്പോൾ ഈ എഞ്ചിൻ ഒരു ലിറ്റർ പെട്രോളിൽ 17.7 കിലോമീറ്റർ മൈലേജും ഡിസിടി ഓപ്ഷനിൽ വരുമ്പോൾ 17.9 കിലോമീറ്റർ മൈലേജുമാണ് നൽകുന്നത്.
2023 മോഡൽ കിയ സെൽറ്റോസിൽ ഡീസൽ എഞ്ചിൻ മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭിക്കില്ല. ഇത് സ്റ്റാൻഡേർഡായി ഒരു ഐഎംടി ട്രാൻസ്മിഷനിലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും മാത്രമാണ് ലഭ്യമാകുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിനൊപ്പം ഐഎംടി ട്രാൻസ്മിഷൻ ചേർന്നാൽ ഒരു ലിറ്റർ ഡീസലിൽ 20.7 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു. അതേസമയം ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡൽ ഒരു ലിറ്റർ ഡീസലിൽ 19.1 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.
കിയ സെൽറ്റോസ് എസ്‌യുവിയുടെ പുതിയ പതിപ്പിന്റെ എക്സ് ഷോറൂം വില 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ്. സ്‌പോർട്ടി ഡിസൈൻ ഘടകങ്ങളുള്ള പുതിയ ഡിസൈൻ തീമിലാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ലെവൽ-2 ADAS സാങ്കേതികവിദ്യയടക്കമുള്ള സവിശേഷതകളോടെയാണ് സെൽറ്റോസ് വരുന്നത്. 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇഎസ്സി, ടിസി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ഐസോഫിക്സ് ആങ്കറിംഗ് പോയിന്റുകൾ എന്നിവയും വാഹനത്തിലുണ്ട്.