ഓണത്തിനെന്താണ് പ്ലാൻ ? സദ്യവട്ടങ്ങളും ആഘോഷവും കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ ഒന്നു ഗോവ കറങ്ങി വന്നാലോ ? ഓണാവധിയുടെ അവസാനം ഗോവയിൽ പോയി കറങ്ങി വരാമെന്നേ.. അവസാന നിമിഷം ഇതൊക്കെ നടക്കുമോ എന്ന് സംശയമൊന്നും വേണ്ട. അതെ ഓണം അവധി ഗോവയിൽ അടിച്ചുപൊളിക്കാൻ കിടിലൻ അവസരമൊരുക്കിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ദി ട്രാവലർ’. രണ്ടു പകൽ മുഴുവനുമെടുത്ത് ഗോവയില്‍ ചുറ്റിയടിച്ച് ഒന്നും വിടാതെ കണ്ടുവരാൻ പറ്റിയ യാത്ര ഈ ഓണത്തിന് പോകുവാൻ പറ്റിയ ഏറ്റവും മികച്ച യാത്രയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടേ വേണ്ട. ജില്ലാ കുടുംബശ്രീ മിഷന്‍റെ ‘ദി ട്രാവലർ’ വനിത ടൂർ എന്റർപ്രൈസസ് ഒരുക്കുന്ന ഗോവ യാത്രയെ കുറിച്ച് വിശദമായി വായിക്കാം.
തിരുവോണം കഴിഞ്ഞ് പിറ്റേ ദിവസം ഓഗസ്റ്റ് 30 ബുധനാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്നും ഗോവയിലേക്കുള്ള ദ ട്രാവലറിന്‍റെ യാത്ര ആരംഭിക്കും. വ്യാഴാഴ്ച രാവിലെ ഗോവയിലെത്തും. പിന്നെയല്ലേ ആഘോഷം. ചെലവഴിക്കുന്ന ഓരോ നിമിഷവും ഏറ്റവും ആസ്വദിച്ചു ഗോവ കാണുവാൻ തക്ക വിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഗോവയിൽ ചെലവഴിക്കുന്ന രണ്ട് പകലുകളിൽ ഗോവ കണ്ടുതീർക്കുവാനായി ഒരു ദിവസം സൗത്ത് ഗോവയിലും രണ്ടാം ദിവസം നോർത്ത് ഗോവയിലുമാണ് ഇറങ്ങുന്നത്. ആദ്യ ദിവസം നോർത്ത് ഗോവയിൽ ബാഗ ബീച്ച്, അഞ്ജുന ബീച്ച്, കലാൻഗുട്ട് ബീച്ച്, അഗ്വാഡ ഫോർട്ട് എന്നിവിടങ്ങളാണ് കാണുന്നത്. രണ്ടാമത്തെ ദിവസം സൗത്ത് ഗോവയിൽ മിരാമർ ബീച്ച്, ഓൾഡ് ഗോവ ചർച്ച്, ബോം ജീസസ് ബസിലിക്ക എന്നിവിടങ്ങൾ സന്ദർശിക്കും. ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ ഗോവയോട് വിട പറയും. സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ തിരികെ കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് യാത്രാ പ്ലാൻ.
യാത്രയുടെ ആകെ നിരക്ക് ഒരാൾക്ക് 6050 രൂപയാണ്. ഇതിൽ ടിക്കറ്റ് നിരക്ക്, താമസച്ചെലവ്, യാത്രയിലുടനീളമുള്ള ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ് എന്നിവയെല്ലാം ഉൾപ്പെടും. അതായത് ഈ പൈസ കൊടുത്തുകഴിഞ്ഞാൽ യാത്രയുടെ ചെലവിലേക്കായി ഒരു രൂപ പോലും അധികം കരുതേണ്ടതില്ല എന്നർത്ഥം. ഇനി ഭക്ഷണ കാര്യം കൂടി പറയാം. ഗോവയിലേക്കൊക്കെ പോകുമ്പോൾ ഭക്ഷണകാര്യം എങ്ങനെയാ. ഈ ചെലവിൽ നിൽക്കുമോ എന്നൊക്കെ സംശയമുണ്ടെങ്കിൽ അതിനുത്തരവും പരിഹാരവും ട്രാവലർ കണ്ടെത്തിയിട്ടുണ്ട്. യാത്രയിൽ രുചികരമായ ഭക്ഷണം വിളമ്പാൻ കുക്ക് ഉൾപ്പെടെയാണ് യാത്ര. കേരളത്തിനുള്ളിൽ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഗോവയിലേക്ക് ‘ദി ട്രാവലർ’ ന്‍റെ ആദ്യ ട്രിപ്പാണിത്. സുരക്ഷിത യാത്രയായതുകൊണ്ടുതന്നെ ഒരുപാടാളുകൾ ബന്ധപ്പെടുന്നുമുണ്ട്. ഗോവ യാത്ര 12-ാമത്തെ ട്രിപ്പാണ്. കുടുംബശ്രീയുടെ യാത്രയയാതുകൊണ്ട് സ്ത്രീകൾക്ക് മാത്രമാണോ എന്ന സംശയം വേണ്ട. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒക്കെയായി യാത്രകൾ ഇവർ നടത്തുന്നു.
ഈ ഗോവ യാത്രയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 45 സീറ്റുള്ള ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. യാത്രയിലെ ടൂർ ഗൈഡുമാരും സ്ത്രീകൾ തന്നെയാണ്. യാത്രയെക്കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും 7012446759, 8891438390 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനം കണ്ണൂരിലെ ധര്‍മ്മശാലയിലാണ് പ്രവർത്തിക്കുന്നത്. യാത്രകളുടെ ആസൂത്രണവും നടത്തിപ്പുമെല്ലാം സ്ത്രീകൾ തന്നെയാണ് നിർവഹിക്കുന്നത്. ഇതിനായി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്അംഗങ്ങളായ 15 പേർക്ക് തലശ്ശേരി കിറ്റ്‌സിൽ ടൂർ ആന്റ് ട്രാവൽ മാനേജ്‌മെന്റിൽ പരിശീലനം നൽകിയിരുന്നു. ഇതിൽ ഏഴ് പേർക്കാണ് സംരംഭത്തിന്‍റെ നടത്തിപ്പ് ചുമതല.