മുംബൈ: മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാൾ 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ വിജയിയായി പ്രഖ്യാപിച്ചത്.മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോർവാൾ. ദാദ്ര-നഗർ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തിൽ നിന്നുള്ള ആയുഷി ധോലാകിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്‌സപ്പായി. കിരീടത്തിനായി 30 മത്സരാർഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോർവാൾ ഇനി നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. സംഗീത ബിജ്‌ലാനി, നികിത മഹൈസൽക്കർ, അനീസ് ബസ്‌മി, നേഹ ധൂപിയ, ബോസ്‌കോ മാർട്ടിസ്, മധുർ ഭണ്ഡാർക്കർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
‘ആ വികാരം ഇപ്പോഴും വിവരണാതീതമാണ്, കിരീടധാരണത്തിന് തൊട്ടുമുമ്പ് എനിക്ക് അനുഭവപ്പെട്ട നടുക്കം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. അതെല്ലാം അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷം കാണുമ്പോൾ എന്നിൽ നന്ദി നിറയുന്നു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ നികിത പോർവാൾ പ്രസ്താവനയിൽ പറഞ്ഞു. 1980ലെ ഫെമിന മിസ് ഇന്ത്യ ജേതാവായ സംഗീത ബിജ്‌ലാനി അടക്കം പങ്കെടുത്ത പരിപാടിയിൽ ജനപ്രിയ സംഗീത ഗ്രൂപ്പായ ബാൻഡ് ഓഫ് ബോയ്സ് ഗാനങ്ങൾ അവതരിപ്പിച്ചു. അഭിനേതാക്കളായ രാഘവ് ജുയൽ, ഗായത്രി ഭരദ്വാജ് എന്നിവരും രംഗത്ത് എത്തുകയുണ്ടായി.