ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ബൈക്കായ ഹോണ്ട സിബിആർ500ആർ ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. 2024 ഹോണ്ട സിബിആർ500ആർ മോട്ടോർർസൈക്കിൾ സ്റ്റൈലിങ്ങിലും ഫീച്ചറുകളിലും കാര്യമായ അപ്‌ഡേറ്റുകളുമായിട്ടാണ് വരുന്നത്. ഹോണ്ട പറയുന്നത് അനുസരിച്ച് ഈ മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പ് വെൽ-ബാലൻസ്ഡ് മോഡലാണ്. ആധുനിക സുരക്ഷാ ഫീച്ചറുകളും ഹോണ്ട റോഡ്സിങ്ക് സിസ്റ്റം പോലെയുള്ള അത്യാധുനിക ഫീച്ചറുകളും ഈ ബൈക്കിൽ നൽകിയിട്ടുണ്ട്.
ദൈനംദിന ആവശ്യങ്ങൾക്കും ആസ്വാദ്യകരമായ റൈഡിങ് അനുഭവത്തിനുമുള്ള ബൈക്കായിട്ടാണ് 2024 ഹോണ്ട സിബിആർ500ആർ വരുന്നത്. 2013ൽ ലോഞ്ച് ചെയ്‌തതുമുതൽ മോട്ടോർസൈക്കിൾ സ്ഥിരമായി പരിഷ്‌ക്കാരങ്ങൾ വരുത്തിയിട്ടുണ്ട്. താങ്ങാനാവുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ ബൈക്ക് എന്ന നിലയിൽ ലോങ് റൈഡുകൾക്കും ദൈനംദിന ഉപയോഗത്തിനും 2024 ഹോണ്ട സിബിആർ500ആർ അനുയോജ്യമാണ്. ഈ മോട്ടോർസൈക്കിളിന്റെ സവിശേഷതകൾ വിശദമായി നോക്കാം.
സ്റ്റൈലിങ് അപ്ഡേറ്റുകൾ
2024 ഹോണ്ട സിബിആർ500ആർ മോട്ടോർസൈക്കിളിന്റെ ഡിസൈൻ കോണാകൃതിയിലുള്ളതും ബോഡി വർക്കിന്റെ ഭൂരിഭാഗവും പുതിയതുമാണ്. സ്റ്റൈലിഷായ സിബിആർ1000ആർ ബൈക്കിന്റെ ഫയർബ്ലേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റീഡിസൈൻ ചെയ്ത 2024 ഹോണ്ട സിബിആർ500ആർ ബൈക്കിന്റെ ഫെയറിങ്ങിൽ കൂടുതൽ അഗ്രസീവ് ആയ മുൻഭാഗവും ഷാർപ്പ് ആയ ലൈനുകളുമുണ്ട്. എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ) എന്നറിയപ്പെടുന്ന ട്രാക്ഷൻ കൺട്രോളും ഈ ബൈക്കിലുണ്ട്.
എഞ്ചിനും പെർഫോമൻസും
പെർഫോമൻസിൽ കാര്യമായ മറ്റങ്ങളില്ലാതെയാണ് 2024 ഹോണ്ട സിബിആർ500ആർ വരുന്നത്. 471 സിസി ലിക്വിഡ് കൂൾഡ് ടു സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. 8,600 ആർപിഎമ്മിൽ 47 ബിഎച്ച്പി പവറും 6,500 എൻഎമ്മിൽ 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. മികച്ച മൈലേജും പെർഫോമൻസും ഒരുപോലെ നൽകുന്ന എഞ്ചിനാണിത്. എച്ച്എസ്ടിസി ട്രാക്ഷൻ കൺട്രോളിനൊപ്പം പുതിയ ഇസിയു കോൺഫിഗറേഷനും ബൈക്കിൽ നൽകിയിരിക്കുന്നു.
സവിശേഷതകൾ
2024 ഹോണ്ട സിബിആർ500ആർ മോട്ടോർസൈക്കിളിൽ 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. ഹോണ്ട റോഡ്‌സിങ്ക് സിസ്റ്റത്തിലൂടെ സ്മാർട്ട്ഫോൺ കണക്റ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ മികച്ച സ്മാർട്ട്‌ഫോൺ ഫീച്ചറുകൾ ബൈക്കിന്റെ സ്ക്രീനിൽ ലഭിക്കും. പുതുതായി നിർമ്മിച്ച 4 വേ സ്വിച്ച് അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, ടെലിഫോണി എന്നിവ നിയന്ത്രിക്കാൻ സാധിക്കും.