കൊല്ലം: കൊല്ലത്ത് ഇരുപത്തിയൊന്നുകാരി ആത്മഹത്യ ചെയ്തതില്‍ കാമുകനെതിരെ കുടുംബം. അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതാണ് മരണത്തിനു കാരണമെന്നാണ് പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഈ മാസം നാലാം തീയതിയാണ് കുമ്മിള്‍ സ്വദേശി ഷഹിനയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചെന്നു പെണ്‍കുട്ടി അപ്പോള്‍ ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യ സ്ഥിതി മോശമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികില്‍സയിലിരിക്കേ ഞായറാഴ്ച മരിച്ചു.
ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചായിരുന്നു ഷഹിനയുടെ മരണം.
അഞ്ചല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഷഹിന ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് ഷഹിനയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
യുവാവിന്റെ കുടുംബാംഗങ്ങളുമായും ഷഹിന സംസാരിച്ചിരുന്നു. ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതടക്കം അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കൊട്ടിയത്ത് റംസി എന്ന യുവതിയുടെ ആത്മഹത്യയുടെ നടുക്കം മാറും മുമ്ബാണ് സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവതിയുടെ ആത്മഹത്യ.