വണ്ടിപ്പെരിയാര്‍ : 24കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. മകളെ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. തേങ്ങാക്കല്‍ എസ്റ്റേറ്റിലെ സെല്‍വരാജിന്‍റെ മകളും സത്രം പുതുവലിലെ സെല്‍വകുമാറിന്‍റെ ഭാര്യയുമായ സംഗീതയെയാണു (24) കഴിഞ്ഞ 24നു ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണു സംസ്‌കരിച്ചത്.
സ്ത്രീധനം കുറഞ്ഞതിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് തന്‍റെ മകള്‍ നിരന്തരം പീഡനം നേരിട്ടിരുന്നതായി സംഗീതയുടെ മാതാവ് ചന്ദ്ര പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹസമയത്ത് 5 പവന്‍റെ സ്വര്‍ണവും 60,000 രൂപയും സെല്‍വകുമാറിനു നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു. പല തവണ ശാരീരിക ഉപദ്രവം ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ പേരില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സെല്‍വകുമാറിന്‍റെ വീട്ടുകാര്‍ സ്റ്റേഷനില്‍വച്ച് ഉറപ്പു നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണു വീണ്ടും ഭര്‍ത്താവിനൊപ്പം മകളെ അയച്ചത്. 23നു രാത്രി സംഗീത ഉച്ചത്തില്‍ നിലവിളിക്കുന്നത് അയല്‍വാസികള്‍ കേട്ടിരുന്നതായും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഗീതയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്‌എച്ച്‌ഒ ഫിലിപ് സാം പറഞ്ഞു.