തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്. ചിങ്ങമാസത്തിൽ മുഹൂർത്തമുള്ള ദിവസമായതും അവധിയുമാണ് വിവാഹ തിരക്കേറാൻ കാരണം. 12 മണിക്കുള്ളിൽ 248 വിവാഹങ്ങളാണ് നടക്കുന്നത്. ഗുരുവായൂരിൽ വർഷങ്ങൾക്ക് മുമ്പ് 272 വിവാഹങ്ങൾ നടന്നതായിരുന്നു നിലവിലെ റെക്കോഡ്. വിവാഹത്തിരക്ക് നിയന്ത്രിക്കാൻ നിലവിലുള്ള 3 കല്യാണ മണ്ഡപങ്ങൾക്കു പുറമേ 2 താത്ക്കാലിക മണ്ഡപങ്ങൾ കൂടി ദേവസ്വം ഒരുക്കിയിട്ടുണ്ട്.
മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങൾ നടക്കുക. ഫോട്ടോഗ്രാഫർ ഉൾപ്പെടെ പരമാവധി 20 പേർക്ക് മാത്രമേ കല്യാണ മണ്ഡപത്തിനു സമീപത്തേക്ക് പ്രവേശനമുള്ളൂ. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.