പത്തനംതിട്ട : ജില്ലയിൽ ഒരാഴ്ചയായി പനി ശക്തമായി പടരുന്ന സാഹചര്യമാണ്. കഴിഞ്ഞയാഴ്ചയിൽ കാലവർഷം ശക്തിപ്രാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പകർച്ചപ്പനി ബാധിതരുടെ എണ്ണവും കൂടിയത്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം വർധിച്ചു. ഒരാഴ്ചയ്ക്കിടെ 3312 പേരാണ് ജില്ലയിൽ പനിബാധിതരായത്. ഇതിൽ 249 പേർ ഡെങ്കിപ്പനി ബാധിതരാണ്. കൂടാതെ ഏഴ് എലിപ്പനിബാധിതരും ഉണ്ട്. രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായത് പനിയുടെ വ്യാപനം തടയാൻ സഹായകമായേക്കും. നിലവിൽ സാധാരണ മഴക്കാലങ്ങളിൽ കണ്ടുവരാറുള്ള വൈറൽപ്പനി മാത്രമാണുള്ളതെന്നും തീവ്രമായ സാഹചര്യം നിലവിലില്ലെന്നുമാണ് ജില്ലയിലെ ആരോഗ്യ വിഭാഗത്തിൽനിന്നുള്ള വിവരം. കൃത്യമായി മുന്നറിയിപ്പുകൾ പാലിക്കേണ്ടത് ആവശ്യമാണെന്നും ആരോഗ്യവിഭാഗത്തിൽനിന്ന് അറിയിച്ചു.
ജില്ലയിലെ എല്ലാ ആശുപത്രികളിലും പനി വാർഡുകളും മരുന്നുകളും ആവശ്യത്തിനുണ്ടെന്നും അരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് കൃത്യമായി മേൽനോട്ടവും നടത്തുന്നുണ്ട്. ആശുപത്രികൾക്ക് വേണ്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. മുമ്പേ തന്നെ മിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മഴക്കാല ശുചീകരണ പരിപാടികൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ എച്ച് വൺ എൻ വൺ കേസുകൾ റിപ്പോർട്ടുചെയ്തതാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്. പനിവന്നാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയെന്നാണ് പ്രധാനം.