പത്തനംതിട്ട : 30 വർഷത്തിലധികമായി ഒരു ജനത കാത്തിരുന്ന നിമിഷത്തിനാണ് ഇന്ന് പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾ ഇനി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് സ്വദേശികളാകും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല തദ്ദേശ അദാലത്തിലാണ് ഒരു ജനതയുടെ ജീവിതം മാറ്റിയ തീരുമാനം ഉണ്ടായത്. ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രി അദാലത്തിൽ നെടുമ്പ്രം സ്വദേശികൾക്ക് കൈമാറി. ഈ കുടുംബങ്ങളുടേത് ഉൾപ്പെടെ 29 വീടുകൾ നെടുമ്പ്രം പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയെന്ന
സങ്കീർണമായ പ്രശ്നത്തിനാണ് ഇന്ന് പരിഹാരമായത്. തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിൻ്റെ സന്തോഷ സൂചകമായി നെടുമ്പ്രം സ്വദേശികൾ അദാലത്തിൽ വെച്ച് മന്ത്രി എം ബി രാജേഷിനെ പൊന്നാട അണിയിച്ചു.
ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിച്ചതെന്നും പൊതുജനങ്ങളുടെ ഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി പറഞ്ഞു. നെടുമ്പ്രം പ്രദേശത്തെ ഈ 29 കെട്ടിടങ്ങൾ മണിമലയാറിൻ്റെ മറുകരയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ വീടുകൾ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തണമെന്ന നെടുമ്പ്രം, തലവടി ഗ്രാമപഞ്ചായത്തുകളുടെ ആവശ്യത്തിനാണ് മന്ത്രി തീർപ്പ് കല്പിച്ചിരിക്കുന്നത്. മണിമലയാറിൻ്റെ മറുകരയിലായതിനാൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ ഈ കുടുംബങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും കാലതാമസം ഉണ്ടാവുമായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം അദാലത്തിലൂടെ പരിഹാരമാകുന്നതിൻ്റെ ആശ്വാസത്തിലാണ് പ്രദേശ നിവാസികൾ.