ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. ജനക്കൂട്ടം എംഎല്‍എയുടെ വീടും പോലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.
ബെംഗളൂരു പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീന്‍ മതവിദ്വേഷം വളര്‍ത്തുന്ന കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. ഒരു മതവിഭാഗത്തിലെ പതിനായിരക്കണക്കിന് വരുന്ന കൂട്ടം കെജി ഹള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും പോലീസ് വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട നവീനിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് അക്രമം. ഇതിന് പിന്നാലെ എംഎല്‍എയുടെ വീട് അഗ്നിക്കിരയാക്കി. പോലീസ് സ്റ്റേഷന്‍ കത്തിക്കാനും ശ്രമിച്ചു. കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തിയിട്ടും സംഘര്‍ഷത്തിന് അയവില്ലാതെ വന്നതോടെ പോലീസ് വെടിയുതിര്‍ത്തു. മൂന്നു പേര്‍ വെടിവെയ്പ്പില്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. പത്തിലധികം പോലീസുകാര്‍ക്കും പരിക്കേറ്റു.