കോഴിക്കോട് : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ അയവില്ല. വ്യാഴാഴ്ചയും കോണ്‍ഗ്രസ് ഓഫീസിനു നേര്‍ക്ക് ആക്രമണമുണ്ടായി. കോഴിക്കോട് മേപ്പയൂരിലാണ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തത്. ജനല്‍ചില്ലുകളും മേശയും കസേരകളും തകര്‍ത്ത നിലയിലാണ്.
രാത്രി 12 മണിയോടെയാണ് ഓഫീസ് ആക്രമിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് പറയുന്നു. ആക്രമണത്തിനു പിന്നില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം തമ്പടിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.