തിരുവനന്തപുരം: പാര്‍ട്ടി പറയുന്നതിന് അപ്പുറം പാടാന്‍ ആര്‍ജവമില്ലാത്തത് കൊണ്ടാണ് ഭരണപക്ഷം മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതെന്ന് ഷാഫി പറമ്പില്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന്‍ മാത്രമാണ്. സ്വപ്‌നയ്ക്ക് തളികയില്‍ ജോലിവെച്ച് കൊടുത്തത് പ്രതിപക്ഷമല്ല. സ്വപ്‌നയെ ജോലിക്കെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് നിര്‍ദേശിച്ചത് ശിവശങ്കറാണ്. സര്‍ക്കാര്‍ ജോലിയ്ക്ക് വേണ്ടി കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും സ്വപ്‌നയാകാന്‍ കഴിയില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
കേരളത്തിലെ എം.പിമാര്‍ സമ്പത്തിനെ പോലെ തോറ്റ എം.പിമാല്ല. ബക്കറ്റില്‍ ജോലിയെടുത്ത് വെച്ചിട്ടുണ്ടോയെന്നാണ് പി.എസ്.സി ചെയര്‍മാന്‍ ചോദിച്ചത്. ആയിരകണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തല്ലിക്കെടുത്തിയ സര്‍ക്കാരാണിത്. മാദ്ധ്യമങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുമ്പോള്‍ അതിനെ ന്യായീകരിക്കുകയാണ് സി.പി.എം നേതാക്കള്‍ ചെയ്യുന്നത്. തുടര്‍ഭരണം പ്രഖ്യാപിച്ച ചാനലുകളിലെ അവതാരകരെ വാഴ്‌ത്തിപാടിയവര്‍ ഉത്തരം മുട്ടിയപ്പോള്‍ അവരെ എതിര്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.