കണ്ണൂര്‍: പയ്യാവൂരില്‍ രണ്ട് പെണ്‍മക്കളുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പൊന്നും പറമ്പില്‍ സ്വപ്ന അനീഷ് ആണ് മരിച്ചത്. ഇവരുടെ ഇളയകുട്ടി അന്‍സില (3) നേരത്തെ തന്നെ മരിച്ചിരുന്നു. 13 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഓഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സിലയ്ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പിറ്റേന്ന് ഇളയമകളായ അന്‍സിലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവതിയും മൂത്ത കുട്ടിയും (11) ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു മക്കള്‍ക്ക് നല്‍കിയത്. പയ്യാവൂരില്‍ ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്ന സ്വപ്നയുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. കടബാധ്യതയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.