മുതുകുളം : സൗഹൃദം നടിച്ച് വിദ്യാര്‍ഥിനിയില്‍നിന്ന് 10 പവനോളം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരീലക്കുളങ്ങര പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. മുതുകുളം വടക്ക് സ്വദേശികളായ ഗോകുല്‍ കൃഷ്ണന്‍ (18), കിരണ്‍ (20) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് പോലീസ് അറസ്റ്റുചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത മുഖ്യപ്രതിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഇത് മുതലാക്കി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. പലപ്പോഴായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമുള്‍പ്പെടെ കൈമാറിയിരുന്നു.
സ്വര്‍ണം പണയം വെച്ച് കിട്ടിയ പണം കൊണ്ട് മുഖ്യപ്രതി ബൈക്ക് വാങ്ങി. മറ്റു രണ്ടു പ്രതികളാണ് ഇതിനെ പിന്തുണച്ചത് . മുട്ടത്തെ ഒരു ധനകാര്യസ്ഥാപനത്തിലാണ് കുറേ സ്വര്‍ണം പണയം വെച്ചത്. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണം കാണാതായതോടെ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗോകുല്‍ കൃഷ്ണനെയും കിരണിനെയും കോടതി റിമാന്‍ഡു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ ഹാജരാക്കി.