പെരിന്തല്‍മണ്ണ : ഒരു കോടി വിലവരുന്ന കഞ്ചാവുമായി മൂന്ന് പേര്‍ പോലീസ് പിടിയിലായി. ഒഡീഷയില്‍ നിന്നു കേരളത്തിലേക്കു ലോറിയില്‍ കടത്തിക്കൊണ്ടു വന്ന 205 കിലോ കഞ്ചാവ് ശേഖരമാണ് കരിങ്കല്ലാത്താണിയില്‍ പിടിച്ചെടുത്തത്. കോയമ്ബത്തൂര്‍ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന്‍ (48),ആലുവ പുത്തന്‍ മാളിയേക്കല്‍ നൗഫല്‍ എന്ന നാഗേന്ദ്രന്‍ (48) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുമാസം മുമ്പ് പെരിന്തല്‍മണ്ണ സവിത തിയേറ്ററിനു സമീപത്തുനിന്നു മോഷണം പോയ ലോറി കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വേഷണമാണ് വന്‍ കഞ്ചാവ് കടത്തിന്റെ ചുരുളഴിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയാണ് ഓഗസ്റ്റ് ഏഴിനു മോഷണം പോയത്.
ലോറി മോഷണം പതിവാക്കിയ സംഘങ്ങളില്‍പ്പെട്ട മധുക്കര സ്വദേശി ആഷിക്കിനായി പെരിന്തല്‍മണ്ണ പോലീസ് കോയമ്പത്തൂരില്‍ എത്തിയിരുന്നു. ആഷിക്കും നൗഫലും സഞ്ചരിച്ചിരുന്ന കാര്‍ കോയമ്പത്തൂര്‍-സേലം ഹൈവേയില്‍ പോലീസ് തടയുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഒഡീഷയില്‍നിന്ന് കഞ്ചാവ് വന്‍തോതില്‍ കേരളത്തിലെത്തുന്ന വിവരം ലഭിച്ചത്.