തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ആശങ്ക. മൂന്നുനഗരങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊച്ചിയിലെ ചമ്പക്കര മാര്‍ക്കറ്റ് അടച്ചിടുന്നതാണ്. സാധനം എത്തിക്കുന്നവര്‍ക്കും അതുപോലെ കച്ചവടക്കാര്‍ക്കും പ്രത്യേക സമയം ഏര്‍പ്പെടുത്തി. കൂടാതെ സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡിസിപി അറിയിച്ചു.
കൂടാതെ കൊച്ചിയില്‍ നഗരത്തില്‍ പോലീസ് വാഹനപരിശോധന ശക്തമാക്കി. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത നിരവധി പേരെ പോലീസ് പിടികൂടി. കലൂര്‍, എംജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന. കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതാണ്.
തിരുവനന്തപുരത്തും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കടകള്‍ രാത്രി ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ കടകള്‍ അപ്പോള്‍ തന്നെ അടപ്പിക്കുന്നതാണ് .തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്നും ജനങ്ങള്‍ കൂടുതല്‍ സ്വയംനിയന്ത്രണം പാലിക്കണമെന്നും കൂടാതെ വൈകിട്ട് വെറുതെ പുറത്തിറങ്ങരുത് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരത്തെ നിരവധി സ്ഥലങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ചെമ്മരുത്തി മുക്ക്, കുരവറ, വന്യക്കോട്, ഇഞ്ചിവിള എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. പൂന്തുറ, വഞ്ചിയൂര്‍, പാളയം വാര്‍ഡുകളിലെ ചില പ്രദേശങ്ങളും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വഴുതൂര്‍ വാര്‍ഡും ബാലരാമപുരം പഞ്ചായത്തിലെ തളിയില്‍ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി. കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.