തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ മൂന്നു പേര്‍ കസ്‌റ്റഡിയിലായി. ആനയറ സ്വദേശികളായ നിതീഷ്,കുഞ്ഞുണ്ണി,അനീഷ് എന്നിവരാണ് കസ്റ്റഡയിലായത്. ഇന്നലെ പുലര്‍ച്ചെ 12.50നായിരുന്നു സംഭവം. അഞ്ചംഗ സംഘം ബൈക്കിലെത്തി പേട്ട പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കടയുടെ മുന്നില്‍ നിന്ന് സ്‌റ്റേഷനിലേക്ക് പടക്കം എറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തിരുന്നു. ഈ വൈരാഗ്യമാകാം പടക്കമേറിന് പിന്നില്‍ എന്നാണ് പോലീസ് കരുതുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും പേട്ട പോലീസ് പറഞ്ഞു.