ന്യൂഡൽഹി : കൊറോണ വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്കുകളുടെ ഉപയോഗവും അത്യാവശ്യമാണെന്നു കേന്ദ്രസർക്കാർ. ബന്ധപ്പെട്ട പഠനങ്ങൾ ഉദ്ധരിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പോസിറ്റീവായ വ്യക്തി അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ 406 പേരിലേക്കു രോഗം പടരുമെന്നാണു പല സർവകലാശാലകളും ഗവേഷണത്തിൽ കണ്ടെത്തിയത്.
രോഗം ബാധിച്ചയാൾ ആളുകളുമായി നേരിട്ട് ഇടപെടുന്നത് 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ, 406ന് പകരം 15 പേരിലേക്കു രോഗബാധ ചുരുക്കാനാകും. രോഗി മറ്റുള്ളവരുമായുള്ള സമ്പർക്കം 75 ശതമാനം കുറയ്ക്കുകയാണെങ്കിൽ, 30 ദിവസത്തിനുള്ളിൽ 2.5 ആളുകളിലേക്കേ രോഗം പകരൂ. ക്ലിനിക്കൽ മാനേജ്മെന്റിൽ ശ്രദ്ധിക്കേണ്ടതിനൊപ്പം കോവിഡ് നിയന്ത്രണത്തിലും ശ്രദ്ധ വേണം – അഗർവാൾ പറഞ്ഞു.
നമ്മൾ ആറടി അകലത്തിനകത്താണെങ്കിൽ പോസിറ്റീവ് വ്യക്തി വൈറസ് ബാധിക്കാത്തയാൾക്കു രോഗം പടർത്താനുള്ള സാധ്യതയുണ്ട്. ഹോം ഐസലേഷൻ സാഹചര്യങ്ങളിൽ വീടുകളിലും ഈ സാധ്യത കാണാം. മാസ്ക് ശരിയായി ഉപയോഗിക്കുന്നില്ലെങ്കിൽ, അണുബാധയില്ലാത്ത ഒരാൾക്കു രോഗബാധയുണ്ടാകാൻ 90 ശതമാനമാണ് സാധ്യത. രോഗമില്ലാത്ത ഒരാൾ മാസ്ക് ധരിക്കുകയും പോസിറ്റീവായ വ്യക്തി ധരിക്കാതിരിക്കുകയും ചെയ്താൽ രോഗസാധ്യത 30 ശതമാനമാണ്. രണ്ടു കൂട്ടരും മാസ്ക് ധരിക്കുന്നുവെങ്കിൽ, രോഗസാധ്യത 1.5 ശതമാനമാണ് – അദ്ദേഹം വ്യക്തമാക്കി.