പത്തനംതിട്ട: ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇലന്തൂര്‍ പഞ്ചായത്ത് അംഗം ക്വാറന്റീന്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തിട്ടും വകവെ യ്ക്കാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധം പുറത്തിറങ്ങി നടക്കുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്തരം പ്രവണതകള്‍ കര്‍ശനമായി തടയുമെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
ഇലന്തൂര്‍ മൂന്നാം വാര്‍ഡ് അംഗമായ സിജുവിന്റെ വീട്ടില്‍ രണ്ടുപേര്‍ക്കു കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് വീട്ടില്‍ എല്ലാവരും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍, പഞ്ചായത്ത് അംഗം ക്വാറന്റീന്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ആറന്മുള പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിനു വഴങ്ങാതെയും കേസെടുത്തത് വകവെയ്ക്കാതെയും കറങ്ങിനടക്കുന്നതു തുടരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.
കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് ഗൗരവതരമായി കണ്ട് പ്രതിരോധ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും പോലീസും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ ചെവിക്കൊള്ളാതെ ആളുകള്‍ പ്രവര്‍ത്തിക്കുന്നത് ആശാസ്യമല്ല. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും, മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാതിരിക്കുകയും വേണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതും, ക്വാറന്റീനില്‍ കഴിയുന്നവര്‍ അതു മറികടന്നു പുറത്തിറങ്ങി നടക്കുന്നതും കര്‍ശനമായി തടയുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു