ബെംഗളൂരു : രണ്ടു ദിവസത്തിനിടെ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ 36 കോവിഡ് ബാധിതർ ശ്വാസംമുട്ടി മരിക്കാനിടയായത് കർണാടക സർക്കാരിനെ വെട്ടിലാക്കുന്നു. ചാമരാജ്നഗർ, കലബുറഗി, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മരണങ്ങൾ. ഓക്സിജൻ തീരുന്നതായി കാണിച്ച് ബെംഗളൂരുവിലെ ചില ആശുപത്രികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തുവരുന്നുണ്ട്.
ചികിത്സയിലുള്ളവരെ ഉടൻ മറ്റ് ആശുപത്രികളിലേക്കു മാറ്റാനാനുള്ള മുന്നറിയിപ്പു നൽകുന്ന ഇത്തരം പോസ്റ്റുകൾ പരക്കെ ആശങ്ക പടർത്തുന്നു. കോവിഡ് വാർഡുകളിലെ തീവ്രപരിചരണ കിടക്കകളും മറ്റും ഒഴിപ്പിച്ചെടുക്കാനുള്ള അധികൃതരുടെ തന്ത്രമാണിതെന്ന് ഇവിടങ്ങളിൽ ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ പുലർച്ചെ 2 പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു യെലഹങ്കയിലെ അർക്ക് ആശുപത്രി അധികൃതർ ഓക്സിജൻ തീരുന്ന വിവരം നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. രാവിലെ 4 മണിയോടെ ഓക്സിജൻ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.