പത്തനംതിട്ട : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കോവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി വേഗം മടങ്ങുകയായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അടൂര്‍ വടക്കേടത്ത്കാവില്‍ നിന്ന് രണ്ട് കോവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്‍റെ ആംബുലന്‍സ്. പീഡനത്തിനരയായ പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലേയ്ക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.
അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയില്‍ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവെന്നാണ് പെണ്‍കുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയില്‍ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടായിരുന്നു പീഡനം നടത്തിയത്.