കാസര്‍കോട്: എടനീര്‍ മഠം മഠാതിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസ്സായിരുന്നു. എടനീര്‍ മഠത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെ മഠത്തില്‍ത്തന്നെയായിരുന്നു അന്ത്യം. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാര്‍ലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊന്‍പതാം വയസ്സില്‍ 1960 നവംബര്‍ 14-ന് ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്ബായിരുന്നു സ്ഥാനാരോഹണം. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ സുപ്രധാന വിധി. കേരളസര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1971 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസാണിത്. 68 ദിവസം. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി.
സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണ ഘടനാ കേസ് ആയിരുന്നു അത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഈ കേസില്‍, പാര്‍ലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങള്‍ കൊണ്ട് കേസിന്റെ തുടക്കത്തില്‍ത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മര്‍ദം ഉയര്‍ന്നു. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വര്‍ത്തമാനപത്രങ്ങളില്‍ കേശവാനന്ദയുടെ പേര് എല്ലാ ദിവസവും നിറഞ്ഞു. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ ഭരണകൂടത്തിന് ഭേദഗതികള്‍ വരുത്താമെന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.
അത് സ്ഥാപിച്ചെടുക്കാന്‍ പല വളഞ്ഞ വഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരില്‍ കോടതില്‍ വാദങ്ങള്‍ കൊണ്ട് ഏറ്റുമുട്ടി. കേസില്‍ സര്‍ക്കാരിനെതി രായ നിലപാടെടുത്ത ന്യായാധിപന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നാല്‍, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാര്‍ലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രില്‍ 24 -നാണ് ആ ചരിത്രവിധി ഉണ്ടായത്.